പെരുന്നാൾ ദിനത്തിലെ വാഹനാപകടം: ഡ്രൈവറെ രക്ഷപ്പെടുത്താന്‍ 2 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം

 


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ പെരുന്നാള്‍ ദിനത്തില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കാറിനകത്ത് കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്താന്‍ പൊന്നാനി ഫയര്‍ഫോഴ്സും,ചങ്ങരംകുളം പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയത് രണ്ട് മണിക്കൂര്‍ നീണ്ട അതി സാഹസികമായ രക്ഷാപ്രവര്‍ത്തനം.

പുലര്‍ച്ചെ ഏഴ് മണിക്കാണ് തിരൂര്‍ സ്വദേശിയായ ഇബ്രാഹിം സഞ്ചരിച്ച ആള്‍ട്ടോ കാറും,ചരക്ക് ലോറിയും കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയ കാറിലെ ഡ്രൈവര്‍ ഇബ്രാഹിമിനെയാണ് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന്  ഒടുവില്‍ പരിക്കുകളോടെ രക്ഷപ്പെടുത്തിയത്.

ബലമായി ഇബ്രാഹിമിനെ പുറത്തെത്തിക്കുന്നത് കൂടുതല്‍ അപകടം വരുത്തി വെക്കുമെന്നത്കൊണ്ട് തന്നെ വളരെ സൂക്ഷമതയോടെയാണ്  തകര്‍ന്ന വാഹനത്തില്‍ നിന്ന് ഇബ്രാഹിമിനെ പുറത്ത് കൊണ്ട് വരാന്‍ ശ്രമിച്ചത്.രക്ഷാപ്രവര്‍ത്തനം നീളുമെന്ന് തോന്നിയതോടെ പോലീസ് ഇടപെട്ട് ഡോക്ടറെ കൊണ്ട് വന്ന്  വാഹനത്തില്‍  കുടുങ്ങിയ ഇബ്രാഹിമിനെ പരിശോധിക്കുകയും പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു.

പിന്നീട്  വാഹനത്തിന്റെ ചില ഭാഗങ്ങള്‍ സൂക്ഷതയോടെ മുറിച്ച് മാറ്റിയതിന് ശേഷം കുറ്റിപ്പുറത്ത് നിന്ന് എത്തിച്ച ക്രെയിന്‍ ഉപയോഗിച്ച് ആണ് കാര്‍ പുറകോട്ട് വലിച്ചെടുത്തത്.ഗുരുതരമായ പരിക്കുകളോടെ ആണെങ്കിലും ജീവന്‍ നഷ്ടപ്പെടുത്താതെ ഇബ്രാഹിമിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു രക്ഷാദൗത്യത്തിലേര്‍പ്പെട്ട സംഘം.

ഇബ്രാഹിമിനെ പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ത ചികിത്സക്കായി  കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇതിനിടെ കുറ്റിപ്പുറം തൃശ്ശൂര്‍ പാതയില്‍ ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി.ദീര്‍ഘദൂര വാഹനങ്ങള്‍ പലതും നാട്ടുകാരും പോലീസും ചേര്‍ന്ന് പലവഴിയിലായി തിരിച്ച് വിട്ടു.

ഫയര്‍ സ്റ്റേഷൻ ഓഫീസർ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഫയര്‍ ഓഫീസര്‍മാരായ അയൂബ്ഖാൻ,ഉണ്ണികൃഷ്ണൻ,സുധീർ ജെആര്‍,പിഎസ് സന്തോഷ്കുമാർ,ജിജു ജെ.രതീഷ് ആര്‍,രഞ്ജിത്ത് എം, സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.

Tags

Below Post Ad