സ്വർണ വിലയിൽ റെക്കോർഡ് പെരുമഴ. ഇന്നും റെക്കോർഡ് നിരക്കിലാണ് സ്വർണം വ്യാപാരം തുടരുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 6,610 രൂപയിലും പവന് 52,880 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.
ഇന്നലെ സ്വർണം രണ്ട് തവണ റെക്കോർഡ് ഇട്ടിരുന്നു. രാവിലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 6,575 രൂപയിലും പവന് 52,600 രൂപയിലും വ്യാപാരം നടന്ന ശേഷം ഉച്ചക്ക് വീണ്ടും വില വർധിക്കുകയായിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 6,600 രൂപയും പവന് 52800 രൂപയിലുമാണ് ഉച്ചക്ക് ശേഷം വ്യാപാരം നടന്നത്.
രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തിന്റെ ചുവട് പിടിച്ചാണ് കേരള വിപണിയിലും വിലവർധിച്ചത്. രാജ്യാന്തര സ്വർണവില 2343 ഡോളറിൽ നിന്നും 2354 ഡോളറിലേക്ക് ഉയർന്നതാണ് നിലവിലെ വില വർധനയ്ക്ക് കാരണം
കൂടാതെ റഷ്യയിലെ ന്യൂക്ലിയർ ടാങ്കിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം, ചൈനയിലെ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിക്കുന്നത്, യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ, ആഗോള തലത്തിലെ പ്രതിസന്ധികൾ തുടങ്ങിയവയെല്ലാം നിലവിൽ സ്വർണവിലയെ സ്വാധിനിക്കുന്നുണ്ട്