തൃത്താല: വാഹന പരിശോധനയ്ക്കിടെയുണ്ടായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് എസ്ഐ ശശി. അപരിചിത വാഹനം പരിശോധനയ്ക്കിടെ ഇടിച്ചവീഴ്ത്തുകയായിരുന്നുവെന്ന് എസ്ഐ പറഞ്ഞു.
എസ്ഐയെ മനപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്ന് തൃത്താല സിഐ വ്യക്തമാക്കി. എസ്ഐയുടെ ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കിയെന്നും സിഐ പറഞ്ഞു. കാർ പരിശോധിക്കുന്നതിനിടയിൽ തൃത്താല എസ്‌ഐ ശശികുമാറിനെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്.
വാഹനത്തിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. ദുരൂഹ സാഹചര്യത്തിലാണ് സംഘത്തെ കണ്ടതെന്ന് സിഐ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ വാഹന ഉടമയായ ഞാങ്ങാട്ടിരി സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ മകനാണ് വാഹനം ഓടിച്ചിരുന്നത്. വാഹനം ഓടിച്ച പ്രതി അലൻ ഒളിവിലാണെന്നാണ് വിവരം. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.