തൃത്താല : ആലൂർ ശ്രീ ചാമുണ്ഡിക്കാവ് ഭഗവതിക്ഷേത്രത്തിലെ 25 മത് വൈശാഖമേള 2024 ജൂലൈ 15 ആഗസ്റ്റ് 9 വരെ നടക്കും. നാളെ വൈകിട്ട് അഞ്ച് മണിക്ക് തന്ത്രരത്നം ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. രവീന്ദ്രൻ വെളിച്ചപ്പാട് അദ്ധ്യക്ഷത വഹിക്കും. ജയരാജ് വാര്യർ, ശിവജി ഗുരുവായൂർ, ജ്യോതിദാസ് ഗുരുവായൂർ എന്നിവർ മുഖ്യാതിഥികളാകും. പെരിങ്ങോട് ഹൈസ്കൂൾ ടീമിന്റെ പഞ്ചവാദ്യവും ഉണ്ടായിരിക്കും.
വൈശാഖമേളയുടെ ഭാഗമായി ജൂലൈ 16 മുതൽ 22 വരെ നടക്കുന്ന ഭാഗവത സപ്‌താഹ യജ്ഞത്തിന് പെരുമ്പള്ളി നാരായണദാസ് നമ്പൂതിരി ആചാര്യനാകും. ജൂലൈ 25 മുതൽ ആഗസ്റ്റ് 2 വരെ നടക്കുന്ന ദേവീ ഭാഗവത നവാഹയജ്ഞത്തിന് കോട്ടപ്പുറം ശങ്കരനാരയണയ്യരാണ് യജ്ഞാചാര്യൻ.
മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട്, കുമാരി പൂജ, നാരായണീയ പാരായണം, ദേവിമാഹാത്മ്യ പാരായണം, ഭക്തിപ്രഭാഷണം വിദ്യാഗോപാല മന്ത്രാർച്ചന,ധന്വന്തരി ഹോമം, ലളിതാസഹസ്രനാമ പാരായണം, വിളക്ക് പൂജ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.
മേഴത്തൂർ വിപഞ്ചിക കലാക്ഷേത്രം, മേഴത്തൂർ മാധവം സംഗീത നൃത്തകലാലയം, കോടനാട് ശിവശൈലം നൃത്തവിദ്യാലയം, ആലൂർ അമ്മ നൃത്തകലാലയം, നടനം നൃത്ത കലാലയം, കോതച്ചിറ കൃഷ്‌ണകലാക്ഷേത്രം എന്നിവ അവതരിപ്പിക്കുന്ന ക്ഷേത്ര കലാപരിപാടികളും നൃത്തനൃത്ത്യങ്ങളും കൂടാതെ ഗുരുവായൂർ ജോതിദാസും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ എന്നിവയും ക്ഷേത്രാങ്കണത്തിൽ അരങ്ങേറും.
വൈശാഖമേളയുടെ സമാപനദിവസമായ ആഗസ്റ്റ് ഒമ്പതിന് ഭക്തിപ്രഭാഷണവും മഹാചണ്ഡികാഹോമവും നടക്കും.