എടപ്പാൾ: പതിവുപോലെ പോക്കറ്റടി ലക്ഷ്യമാക്കിയാണ് കോഴിക്കോടുനിന്ന് നെടുങ്കണ്ടത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസിൽ പോക്കറ്റടിക്കാരായ നിസാറും നൗഫലും ജയാനന്ദനും (ബാബു) വളാഞ്ചേരിയിൽനിന്ന് കയറിയത്.
നല്ല തിരക്കായിരുന്നതിനാൽ മുൻപിൽ നിന്ന യാത്രക്കാരന്റെ പുറത്ത് തൂങ്ങിക്കിടന്ന ബാഗിൽ കൈയിട്ടതും ഒരു പെട്ടിയാണ്
കൈയിൽ തടഞ്ഞത്. എടുത്തശേഷം എടപ്പാളിലിറങ്ങി പരിശോധിച്ചപ്പോഴാണ് മൂവർസംഘം ശരിക്കും ഞെട്ടിയത്..
ചെറിയ തുക പ്രതീക്ഷിച്ചവർക്ക് കൈയിൽ വന്നണഞ്ഞത് ഒരു കോടിയുടെ ലോട്ടറി.പിന്നൊന്നും ആലോചിച്ചില്ല. ഇരുളിന്റെ മറവിൽ ഉള്ളത് മൂന്നായി ഭാഗിച്ച് വഴിപിരിഞ്ഞു.
പക്ഷേ, പോലീസിന്റെ തന്ത്രങ്ങൾക്കു മുന്നിൽ മൂവർക്കും 24 മണിക്കൂറിനപ്പുറം പിടിച്ചു നിൽക്കാനായില്ല. പണം വീതിച്ചെടുക്കാമെന്ന കുതന്ത്രങ്ങൾ മണിക്കൂറുകൾക്കകം തന്നെ പ്രതികളെ കൈവിട്ടു വെന്നുമാത്രമല്ല, ജയിലിലേക്കുള്ള വാതിലും തുറന്നുകിട്ടി.
രാത്രി ബസിൽ നടന്ന വലിയ കവർച്ചയെക്കുറിച്ച് പരാതി കിട്ടി 24 മണിക്കൂറിനകം പ്രതികളെ വലയിലാക്കിയതിന്റെ ആഹ്ലാദത്തിലാണ് ചങ്ങരംകുളം പോലീസ്. കുറ്റിപ്പുറത്തിനും എടപ്പാളിനുമിടയിൽ ശനിയാഴ്ച രാത്രി കെ.എസ്.ആർ.ടി.സി. ബസിൽ വെച്ചാണ് സ്വർണാഭരണ മൊത്തക്കച്ചവടക്കാരന്റെ ബാഗിൽനിന്ന് 1.8 കോടിയുടെ ആഭരണം മോഷണംപോയത്.
പ്രതികളായ കൊയിലാണ്ടി നാലേരി വീട്ടിൽ ജയാനന്ദൻ (ബാബു -61) പള്ളുരുത്തി പാറപ്പുറത്ത് നിസാർ (ജോയ് -50), പള്ളുരുത്തി നൗഫൽ (34) എന്നിവരെ തിങ്കളാഴ്ച രാത്രിതന്നെ പിടികൂടി. പ്രതികളിലൊരാളായ നിസാർ പോക്കറ്റടിക്കേസുകളിൽ പിടിയിലായിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞതോടെയാണ് പോലീസിന് മറ്റുള്ളവരിലേക്കു
എത്തിച്ചേരാനായതും സ്വർണം കണ്ടെടുക്കാനായതും.