ആനക്കര : ഒറ്റശ്രമത്തിലൂടെ രണ്ടു ഗിന്നസ് റെക്കോഡുകൾ സ്വന്തമാക്കിയ സെയ്‌തലവി ആനക്കര ഇനി പതിനഞ്ച് ഗിന്നസ് വേൾഡ് റെക്കോഡുകൾക്ക് ഉടമ. ഇന്ത്യയിലും വിദേശത്തുമായി നടത്തിയ വിസ്മയപ്രകടനങ്ങളിലൂടെയാണ് സെയ്‌തലവി ഇത്രയും ഗിന്നസ് റെക്കോഡുകൾ സ്വന്തമാക്കിയത്.
തീർത്തും വ്യത്യസ്തമായ രണ്ട് ശ്രമങ്ങളിലൂടെയാണ് അവസാന ഗിന്നസ് റെക്കോഡ് സെയ്‌തലവി കരസ്ഥമാക്കിയത്. മകനും ബിരുദവിദ്യാർഥിയുമായ മുഹമ്മദ് അജിസലിന്റെ വയറിന് മുകളിൽ 81 തണ്ണിമത്തൻ വെച്ച് ഒരു മിനിറ്റിനുള്ളിൽ മൂർച്ചയുള്ള വാളുകൊണ്ട് മുറിച്ചുതള്ളിയാണ് സെയ്തലവി തൻ്റെ പതിനാലാമത് ഗിന്നസ് റെക്കോഡ് നേടിയത്. മകൻ അജിസലും ഈ പ്രകടനത്തിലൂടെ ഗിന്നസ്സിന് അർഹനായി.
രണ്ട് ബോക്സുകൾക്ക് മുകളിലായി കമിഴ്ന്ന് കിടന്ന സെയ്തലവിയുടെ പുറത്ത് 57 കോൺക്രീറ്റ് കട്ടകൾ വെച്ച് ഫിദ ഫർഹയെന്ന പെൺകുട്ടി അടിച്ചുതകർത്താണ് പതിനഞ്ചാമത് റെക്കോഡിന് അർഹനാകുന്നത്. സെയ്‌തലവിയുടെ മകളാണ് പത്താം ക്ലാസുകാരിയായ ഫിദ ഫർഹ.
23 കോൺക്രീറ്റ് ബ്ലോക്കുകൾ തകർത്ത റെക്കോഡാണ് സെയ്‌തലവി മറികടന്നത്. ആനക്കരയിൽ നടന്ന ഗിന്നസ് വേൾഡ് റെക്കോഡ് പ്രകടനത്തിന് ഡോ. പി.കെ. അബ്ദുൾ ജബ്ബാർ, അധ്യാപകരായ എം.പി. സതീഷ്, എ. ജയദേവൻ, എം.സി. മനോജ്, അഡ്വ. മുഹമ്മദ് ഷാഫി, ഷിഫു മണി, അബ്‌ദുൾ ഗഫൂർ, ഫൈസൽ കുമരനല്ലൂർ എന്നിവർ നേതൃത്വം നൽകി. തൃത്താല എസ്.ഐ. ടി.വി. സജിത്ത് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.