അനാഥത്വത്തിൻ്റെ നോവുകൾക്കിടയിലും പിതൃസ്വപ്നം പൂവണിയിച്ച് ഹിജാസ് അൽഹികമി edappal

 


എടപ്പാൾ : ആഗ്രഹം സഫലമാകും മുമ്പ് അന്ത്യയാത്രയായ പിതാവിൻ്റെ സ്വപ്നം പൂവണിയിച്ച് മകൻ മതപണ്ഡിതനായി മാറിയത് നാടിന് അഭിമാനമായി.

അനാഥത്വത്തിൻ്റെ നോവുകൾക്ക് നടുവിലും അറിവിൻ്റ വഴിയിൽ പരിശ്രമിച്ച് പിതാവിനോടുള്ള കടപ്പാട് തീർത്തിരിക്കുകയാണ് നടുവട്ടത്തെ  ഹിജാസ് അഹ്‌മദ് അൽഹികമി.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും മത സേവന രംഗത്തും നിറഞ്ഞു നിന്നിരുന്ന നടുവട്ടം താഴത്തേതിൽ ഇസ്മാഈൽ സാഹിബിനാണ് മരണാനന്തരമുള്ള മകൻ്റെ സ്നേഹവായ്പ്!

മൂത്തപുത്രനായ ഹിജാസിനെ മതപണ്ഡിതനാക്കാൻ ആഗ്രഹിച്ച് പഠനത്തിനയച്ചെങ്കിലും ആകസ്മിക മരണത്തിൽ ഇസ്മാഈൽ യാത്രയായി.

പിതാവിന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ കഠിന വേദനയിലും മത ഭൗതിക വിദ്യാഭ്യാസമാർജിച്ചു ഹിജാസ് പഠന വഴിയിൽ മുന്നേറി.

ഉമ്മ സാബിറയുടേയും മർക്കസ് നോളജ് സിറ്റിയിൽ നിന്ന് യൂനാനി ബിരുദം നേടിയ സഹോദരി നസ്റിൻ ഫർഹാനയുടെയും പ്രോത്സാഹനം പഠനത്തിന് ഉത്തേജനമായി.

കഴിഞ്ഞ 27 ന് മഞ്ചേരി ജാമിഅ ഹികമിയ്യ: അറബിക് കോളേജിൽ നടന്ന സമ്മേളനത്തിലാണ് 'അൽഹികമി' ബിരുദം നേടി ഹിജാസ് നാടിൻ്റെ യശസ്സുയർത്തിയത്.

പിതാവിൻ്റെ  സാന്നിധ്യമുണ്ടാകേണ്ട സന്തോഷ മുഹൂർത്തത്തിൽ നോവ്  നിറഞ്ഞ ഹിജാസിൻ്റെ ബിരുദ ലബ്ധിയെ വരവേൽക്കാൻ സുന്നീ സംഘകുടുംബത്തിലെ ഉപ്പയുടെ സഹപ്രവർത്തരാണ് നാട്ടിൽ നിന്ന് മഞ്ചേരിയിലെത്തിയത്.

ഇസ്മാഈൽ സാഹിബിൻ്റെ പ്രവർത്തന കേന്ദ്രമായിരുന്ന നടുവട്ടം 'നന്മ'യിൽ ഇന്നലെ ഹിജാസ് അഹ്മദ് അൽഹികമിക്ക് ബഹുജന സ്വീകരണം നൽകി. 

പൗര പ്രമുഖരും മതപണ്ഡിതരും സംഘടനാനേതാക്കളും ചേർന്ന് ഉപഹാരം സമർപ്പിച്ചു. 

സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം, വാരിയത്ത് മുഹമ്മദലി, വി കെ അലിഹാജി, സിവി അബ്ദുൽ ഖാദർ ഹാജി, സി വി ഹംസത്തലി, മുജീബ് സഖാഫി, ഉമർ സഖാഫി, കോഹിനൂർ മുഹമ്മദ്, വി വി ഹൈദർ, പി അബ്ദുൽ ഖാദർ, മുസ്തഫ ശുകപുരം, സി വി അബ്ദുൽ അസീസ് മാസ്റ്റർ, എം അലി, ഉമർ ഇർഫാനി,  ടി ജുനൈദ് തുടങ്ങിയവർ സംബന്ധിച്ചു.

✍🏻 *റഫീഖ് നടുവട്ടം*




Tags

Below Post Ad