തൃത്താല : സന്തോഷ് ട്രോഫിയിൽ ഇത്തവണ കേരളത്തിന്റെ ഗോൾവല കാക്കുന്നത് തൃത്താല മേഴത്തൂർ സ്വദേശിയായ മുഹമ്മദ് നിയാസിന് നാടിൻ്റെ ആദരം.
കാസർക്കോട് ആരംഭിക്കുന്ന പരിശീലന ക്യാമ്പിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് മേഴത്തൂരിലെ വീട്ടിലെത്തി മുൻ എംഎൽഎ വി.ടി. ബൽറാം നിയാസിനും കേരള ടീമിനും വിജയാശംസകൾ നേർന്നു.
പ്രദേശത്തെ ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. പഞ്ചായത്തംഗം ജയന്തി വിജയകുമാർ, പി വി മുഹമ്മദാലി, പി കെ അപ്പുണ്ണി, വി പി ഇബ്രാഹിം കുട്ടി, പി.എം മോഹൻദാസ്, എം മണികണഠൻ, എം സി സത്യൻ ,പ്രിയ പ്രമോദ് എന്നിവർ പങ്കെടുത്തു.
ഹൈദരാബാദിൽ നടക്കുന്ന സന്തോഷ് ട്രോഫിയിൽ മുൻ ചാമ്പ്യൻമാരായ കേരളത്തിന്റെ ആദ്യ മത്സരം ഡിസംബർ 15നാണ്. യോഗ്യതാ റൗണ്ടിൽ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ജി സഞ്ജുവിന്റെ ക്യാപ്റ്റൻസിയിലുള്ള 22 അംഗ കേരള ടീം ഫൈനൽസിനായി ഹൈദരാബാദിന് പോകുന്നത്. ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാതെയാണ് നിയാസും സഹകളിക്കാരും കേരളത്തെ കാത്തത്.
കാലിക്കറ് എഫ്സിയിൽ ഗോൾകീപ്പറായാണ് 22 വയസ്സുള്ള മുഹമ്മദ് നിയാസ് ഇതുവരെ കളിച്ചിരുന്നത്. മേഴത്തൂർ സ്ക്കൂളിലും തൃത്താല സ്ക്കൂളിലും പഠിക്കുന്ന കാലം മുതൽ ഫുട്ബോളിൽ ലഹരി കണ്ടെത്തിയ നിയാസിന് നാട്ടുകാരനായ പ്രകാശനും എസ്ബിടി താരമായ ഫൈസലുമൊക്കെയാണ് ആദ്യ ഘട്ടങ്ങളിൽ പ്രോത്സാഹനം നൽകിയത്. ഉപരിപഠനത്തിനായി മംഗലാപുരത്ത് പോയ നിയാസിന്റെ കളിമികവ് കേരള ടീം കോച്ചായ ബിബി തോമസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ തുറന്നുകിട്ടുകയായിരുന്നു.