തൃത്താല: അതിരുകൾക്കപ്പുറത്തെ ഗവേഷണ സാധ്യതകൾ തുറന്ന് ഹിസ്റ്ററി കോൺക്ലൈവ്. അയ്യൂബി ഗേൾസ് വില്ലേജ് ഹാദിയ സമ്മിറ്റ്നോടനുബന്ധിച്ചു സംഘടിപ്പിച്ച അക്കാദമിക്ക് സംഗമമാണ് വിദ്യാർത്ഥികൾക്ക് മുന്നിൽ ഗവേഷണ സാധ്യതകൾ പരിചയപ്പെടുത്തിയത്.
ചരിത്രത്തിൽ വളരെ വൈവിധ്യമായ പല അധ്യായങ്ങളും പഠിക്കേണ്ടതും വെളിച്ചം കാണേണ്ടതുമായി ഇനിയുമേറെയുണ്ട്. ലോക സഞ്ചാരി ചേറൂർ അബ്ദുല്ല മുസ്‌ലിയാർ ഹിസ്റ്ററി കോൺക്ലൈവിൽ സംസാരിച്ചു. മെറ്റിരിയൽ എജുക്കേഷനപ്പുറം പഠിക്കുന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് വലിയ ധാരണയും കാഴ്ചപ്പാടുകളും ഉണ്ടാവലാണ് ശരിയായ വിദ്യാഭ്യാസം. വർത്തമാന ഇന്ത്യൻ സാഹചര്യത്തേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് പരിഗണനയും പ്രാധാന്യവും സുരക്ഷിതത്വവും നൽകുന്ന സർവ്വകലാശാലകളാണ് രാജ്യത്തിന്റെ പുറത്തുള്ളത്. വിദ്യാഭ്യാസം നേടുന്നതിനൊപ്പം മൂല്യങ്ങൾ മുറുകെ പിടിക്കുന്നിടത്തും വിദ്യാർത്ഥി വിജയിക്കുമ്പോഴാണ് ലക്ഷ്യം പൂർത്തീകരിക്കുന്നത് എന്നും അദ്ദേഹം പങ്കുവെച്ചു.
അറിവു തേടിയുള്ള യാത്രകളും അന്വേഷണങ്ങളും സംസ്‌കാരങ്ങളുടെ കൈമാറ്റങ്ങൾക്ക് നിമിത്തമാകും. സഞ്ചാരിയുടെ ജീവിതാനുഭവങ്ങൾ, നടന്നു പോയ വഴികൾ, കണ്ണിൽ കണ്ട കാഴ്ച്ചകൾ, പതിഞ്ഞു പോയ ചിത്രങ്ങൾ, സഞ്ചാര വഴികളിലെ ഓർമ്മകൾ ഒരു പുരുഷായുസ്സിന്റെ സഞ്ചാരാനുഭവങ്ങളിൽ നിന്നും പകർത്താൻ ശ്രമിക്കലായിരുന്നു ''ഹിസ്റ്ററി കോൺക്ലൈവ്''. സഞ്ചാര വഴികളിലെ സ്ത്രീ അടയാളങ്ങൾ, ചരിത്ര നിർമ്മിതിയിൽ വായിക്കപ്പെടുന്ന വനിതാ അധ്യായങ്ങളുടെ പരിചയങ്ങൾ, ചിത്രങ്ങളിൽ നിന്നും മാഞ്ഞുപോയ ചരിത്ര വനിതകളുടെ ഗവേഷണങ്ങൾ. ലോകത്ത് കടന്നു പോയ പണ്ഡിത വനിതകളും, വ്യത്യസ്ത കാലയളവുകളിൽ വിവിധ തലങ്ങളിലായി വേറിട്ട സംഭാവനകൾ സമർപ്പിച്ച സ്ത്രീ പ്രതിഭകൾ എന്നിവരിലേക്കുള്ള അന്വേഷണവുമായിരുന്നു ചർച്ച.
യുവ അഭിമുഖ എഴുത്തുകാരനും എസ്.വൈ.എസ് തൃത്താല സോൺ സെക്രട്ടറിയുമായ ഗസൽ റിയാസ് ചർച്ചയുടെ മോഡറേറ്ററായി. ഗേൾസ് വില്ലേജ് പ്രിൻസിപ്പൽ പി.എം ഉനൈസ് സഖാഫി ആമുഖം നൽകി സംസാരിച്ചു. വിദ്യാർഥികൾ വിഷയത്തെ ആസ്പദമാക്കി ഇടപെട്ടു. അയ്യൂബി സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്‌ലിയാർ, സെക്രട്ടറി അബ്ദുൽ കബീർ അഹ്‌സനി അദ്ധ്യാപകരായ മുസ്തഫ സഖാഫി, ശഫീഖ് സിദ്ധീഖി, നിസാം സിദ്ദീഖി എന്നിവർ സംബന്ധിച്ചു.