പട്ടാമ്പി : തിരുവനന്തപുരത്തുനടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'ഫെമിനിച്ചി ഫാത്തിമ'യായി തിളങ്ങിയത് തൃത്താലക്കാരി ഷംല ഹംസ. കൈക്കുഞ്ഞുമായി മേളയിലും പുരസ്‌കാരവേദിയിലും എത്തിയ ഷംല ഏറെ ശ്രദ്ധനേടിയിരുന്നു. വലിയ ആവേശത്തോടെയാണ് മേളയിൽ സിനിമ
സ്വീകരിക്കപ്പെട്ടത്. മികച്ച ജനപ്രിയ ചിത്രത്തിനടക്കം അഞ്ച് പുരസ്കാരങ്ങളും 'ഫെമിനിച്ചി ഫാത്തിമ' നേടി.
പത്തുവർഷമായി ദുബായിലാണ് ഷംല താമസിക്കുന്നത്. മകൾ ലെസിന് മൂന്നുമാസം പ്രായമുള്ളപ്പോഴായിരുന്നു പൊന്നാനിയിൽ സിനിമയുടെ ചിത്രീകരണം. കുഞ്ഞിനെയും മാതാവിനെയും കൊണ്ടാണ് ലൊക്കേഷനിലെത്തിയത്. 30 ദിവസമായിരുന്നു ഷൂട്ടിങ്.
'കാലികപ്രസക്തിയുള്ള ചിത്രമാണിത്. നാട്ടിലെ ആണുങ്ങളും പെണ്ണുങ്ങളും കണ്ടിരിക്കേണ്ടത്' -ഷംല പറയുന്നു. വലിയൊരു കൂട്ടായ്മയുണ്ട് ചിത്രത്തിനു പുറകിൽ. 'ആയിരത്തിയൊന്ന് നുണകൾ' എന്ന ചിത്രത്തിൽ മുൻപ് അഭിനയിച്ചിട്ടുണ്ട്.
തൃത്താലയിലെ പഴയ മാപ്പിളപ്പാട്ട് ഗായകനും നാടകനടനുമായ അത്താണിക്കൽ ഹംസയുടെ മകളാണ് ഷംല. മേലാറ്റൂർ സ്വദേശിയായ മുഹമ്മദ് സാലിഹാണ് ഭർത്താവ്. കാലികപ്രസക്തിയുള്ള സിനിമകൾവന്നാൽ ഇനിയും അഭിനയിക്കുമെന്ന് ഷംല പറയുന്നു.