കൂടല്ലൂർ - കൂട്ടക്കടവ് ലിഫ്റ്റ് ഇറിഗേഷൻ മെയിൻ കനാൽ നവീകരണ നിർമ്മാണോദ്ഘാടനം ജനുവരി 19ന്

 


കൂടല്ലൂർ - കൂട്ടക്കടവ് ലിഫ്റ്റ്  ഇറിഗേഷൻ മെയിൻ കനാൽ നവീകരണ നിർമ്മാണോദ്ഘാടനം ജനുവരി 19ന് 3 മണിക്ക് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. 

കൂട്ടക്കടവ്, മുത്തു വിളയംകുന്ന്, മണ്ണിയം പെരുമ്പലം പാടശേഖരത്തിൽപ്പെട്ട 150 ഓളം ഹെക്ടർ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കുന്ന പദ്ധതിയാണ് കൂടല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ. 21 വർഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വർഷം 35 ലക്ഷം രൂപ ചിലവഴിച്ച് ലിഫ്റ്റ് ഇറിഗേഷൻ കെട്ടിടം നവീകരിക്കുകയും പമ്പ് ഹൗസിലെ രണ്ട് 40HP മോട്ടോറുകളും മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. 

ഒറ്റ വിളയെ മാത്രം ആശ്രയിച്ചിരുന്ന കർഷകർക്ക് ഈ പദ്ധതി പൂർത്തിയാവുമ്പോൾ പുഞ്ചയടക്കം മൂന്ന് വിളകൾക്ക് പ്രയോജനപ്പെടും. ഈ പ്രദേശങ്ങളിലെ  കുടിവെള്ള പ്രശ്നത്തിന് ഒരു പരിധി വരെ പരിഹരിക്കാനും ഈ പദ്ധതി കൊണ്ട് സാധിക്കും. തൃത്താല എം.എൽ.എയും മന്ത്രിയുമായ എം.ബി രാജേഷിൻ്റെ നിർദ്ദേശ പ്രകാരം മലബാർ ഇറിഗേഷൻ പാക്കേജ് പദ്ധതിയിൽ നിന്നും 90 ലക്ഷം രൂപ അനുവദിച്ചാണ് കൂടല്ലൂർ ലിഫ്റ്റ്  ഇറിഗേഷൻ മെയിൻ കനാൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.


Below Post Ad