തുറക്കൽ കുടുംബ സംഗമം ജനുവരി 11 ന്

 


കുമ്പിടി : തുറക്കൽ കുടുംബ സംഗമം 2025 ജനുവരി 11 ശനി ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി താമസിച്ചു വരുന്ന കുടുംബാംഗ ങ്ങളെ  ഒരുമിച്ചു കൂട്ടി ഇത് രണ്ടാം തവണയാണ് തുറക്കൽ കുടുംബ സംഗമം നടക്കുന്നത്. നേരത്തെ 2018 ഡിസംബർ 25 ന് കുമ്പിടി സിയെൻ ഓഡിറ്റോറിയത്തിൽ ആയിരുന്നു ആദ്യ സംഗമം. അന്ന് മൂവായിരത്തോളം ആളുകൾ പങ്കെടുത്തിരുന്നു. 

5 നൂറ്റാണ്ടുകൾക്ക് മുമ്പ് കുമ്പിടിയിൽ നിന്നാണ് തുറക്കൽ കുടുംബത്തിന്റെ ഉത്ഭവം. അക്കാലത്തു  പൊന്നാനിയിലെ മഹാപണ്ഡിതനും ചരിത്രകാരനും ആയിരുന്ന സൈനുദ്ധീൻ മഖ്ദൂമ് രണ്ടാമനിൽ നിന്നാണ് അന്നത്തെ കാരണവർ ഇസ്ലാം സ്വീകരിച്ചത് എന്നാണ് ചരിത്രം.

അതിനു ശേഷം പ്രസിദ്ധമായ പന്നിയൂർ തുറയുടെ അരികത്തു താമസിക്കുകയും തുറവക്കിൽ എന്നുള്ളത് ലോപിച്ചു പിന്നീട് തുറക്കൽ എന്ന് അറിയപ്പെട്ടു എന്നും ചരിത്രം പറയുന്നു. 

പല സമയങ്ങളിൽ ആയി ഇവിടെനിന്നും താമസം മാറിയ ആളുകളുടെ പിന്മുറക്കാർ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ പല സ്ഥലങ്ങളിൽ ആയി ജീവിച്ചു വരുന്നു. ഇവരെയൊക്കെ ഉൾപെടുത്തിയാണ് വീണ്ടും സംഗമത്തിന് ഒരുങ്ങുന്നത്.

വിവിധ സെഷനുകളിലായി കാരണവന്മാരെയും പ്രതിഭകളെയും ആദരിക്കൽ, അനുസ്മരണം, പ്രഭാഷണങ്ങൾ, കുട്ടികളുടെ കലാ മത്സരങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത് എന്ന് ചെയർമാൻ മൂസക്കുട്ടി മാസ്റ്റർ, കൺവീനർ സലാം പൂക്കാട്ടിരി, കോർഡിനേറ്റർ ബഷീർ ഗാലക്സി എന്നിവർ അറിയിച്ചു.

Tags

Below Post Ad