പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
നാട്ടുകാരുടെ സഹായത്തോടെ ഇന്ന് രാവിലെ മുതൽ പരിശോധന തുടരും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുക. കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചിൽ വ്യാപിപ്പിക്കും.
ഒപ്പം തെരച്ചിലിന് മുങ്ങൽ വിദഗ്ധരുടേയും സഹായം പൊലീസ് തേടി. ജലാശയങ്ങളിൽ പരിശോധന നടത്തും. പ്രതി വിഷം കഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് മുങ്ങൽ വിദഗ്ധരുടെ സഹായം തേടിയത്.
2019 ലെ കൊലപാതകത്തിന് സമാനമായ രീതിയിൽ വിശന്നാൽ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പൊലിസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ചെന്താമരയുടെ സഹോദരനുമായി ആലത്തൂർ പൊലീസ് തിരുപ്പൂരിലും പരിശോധന നടത്തുന്നുണ്ട്. സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും.