ഷൊർണ്ണൂർ:കൊടും വേനലിൽ ദാഹിച്ചുവലയുന്ന പറവകൾക്ക് ഒരല്പ ദാഹജലം നൽകുന്നതിന് പ്രേരണ നൽകുന്നതിനായി പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ 2011- ൽ തുടക്കം കുറിച്ച പറവകൾക്ക് സ്നേഹ തണ്ണീർക്കുടം പദ്ധതിയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു.
പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ കമ്മറ്റി ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ജില്ലാ തല സ്നേഹ തണ്ണീർക്കുടം പ്രോഗ്രാമുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഷൊർണ്ണൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ കെ.എ.ഡേവി നിർവ്വഹിച്ചു.
പ്രകൃതി സംരക്ഷണസംഘം സംസ്ഥാന സെക്രട്ടറി എൻ.ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങുകൾക്ക് പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി സ്വാഗതം പറഞ്ഞു.പ്രകൃതി സംരക്ഷണ സംഘം കോർഡിനേറ്റർ സജി മാത്യു പദ്ധതി വിശദീകരണം നടത്തി.
സ്നേഹ തണ്ണീർക്കുടം ബ്രോഷർ ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി സബ്ബ് ഇൻസ്പെക്ടർക്ക് കൈമാറി. പോലീസ് ഓഫീസർമാരായ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ പി,പി.അബ്ദുൽ റഷീദ്, കെ.സി.പ്രദീപ്, കെ.ജയശ്രീ,പി.പ്രസീത, കെ.കമലം, കെ.സുരേഷ് കുമാർ ,കെ.രവി തുടങ്ങിയവർ ചടങ്ങുകൾക്ക് ആശംസകളർപ്പിച്ചു.സ്റ്റേഷന്റെ കീഴിലുളള ഓഫീസുകളിലും വീടുകളിലും പറവകൾക്ക് ദാഹജലമൊരുക്കുമെന്ന് പോലീസ് ഓഫീസർമാർ ഉറപ്പു നൽകി.