ആനക്കരയിൽ മോഷണ ശ്രമത്തിനിടെ രണ്ട് പേർ പിടിയിൽ; കുടുങ്ങിയത് സംഘത്തിലെ ഒരാൾ കിണറ്റില്‍ വീണപ്പോൾ

 


ആനക്കര:തമിഴ്നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കേരളത്തിൽ എത്തുക. ആളില്ലാത്ത വീടുകളില്‍ കവർച്ച നടത്തി മടങ്ങുക. കുറുവാ സംഘത്തിന്‍റെ മാതൃകയിൽ കവർച്ചക്കെത്തിയ രണ്ട് തമിഴ്നാട്ടുകാർ ആനക്കരയിൽ പിടിയിലായി.

കവർച്ചക്കെത്തിയ സംഘത്തിലെ ഒരാള്‍ കിണറ്റില്‍ വീണതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തമിഴ്നാട് സ്വദേശി കരുണാനിധി (55)യാണ്  ആനക്കര വടക്കത്ത് പടിക്ക് സമീപം ആളില്ലാത്ത വീടിന്‍റെ കിണറ്റില്‍ വീണത്. കൂടെയുള്ള സഹ മോഷ്ടാവ് ജയരാമന്‍ (29) എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇരുവരും കുടുങ്ങിയത്.ഇവരുടെ കൂട്ടത്തില്‍ സ്ത്രീകളുടെ സാന്നിധ്യമുണ്ടന്നും പ്രതികള്‍ സമ്മതിച്ചു. നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് സംശയിക്കുന്നുണ്ട്.

ആനക്കരയിലെ ഗിന്നസ് സെയ്തലവിയും സംഘവും തൃശ്ശൂരില്‍ നിന്നും തിരിച്ചു വരുമ്പോൾ പാതയോരത്ത് സംശയാസ്പദമായ നിലയിൽ ഒരാള്‍ നില്‍ക്കുന്നതു കണ്ടു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഒരാള്‍ കിണറ്റില്‍ വീണ കാര്യം അറിയുന്നത്. തുടര്‍ന്ന് കണ്ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതോടെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഇയാളെ കരക്ക് കയറ്റി. തൃത്താല പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ്  കവർച്ചക്കെത്തിയതാണെന്ന വിവരം ലഭിച്ചത്. 

ആനക്കരയില്‍ കഴിഞ്ഞ ദിവസം മൂന്ന് വീടുകള്‍ കുത്തിത്തുറന്നതായി പരാതിയുണ്ട്. ഒരു വീട്ടിൽ രണ്ടുതവണ കവർച്ചാ ശ്രമം നടന്നതായും പറയപ്പെടുന്നുണ്ട്. മറ്റൊരു വീട്ടില്‍ മോഷണത്തിന്‍റെ ഭാഗമായി വീടിൻ്റെ പുറകുവശം പൊളിച്ചനിലയിലും കണ്ടെത്തി. രണ്ടു മോഷ്ടാക്കളുടെ പേരില്‍ തൃത്താല പൊലീസ് കേസെടുത്തു.

Below Post Ad