ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം;സുകാന്തിനെ തേടി പോലീസ് വീണ്ടും എടപ്പാളിൽ

 


എടപ്പാൾ: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ പിടികൂടാനായില്ല. കൂടുതൽ തെളിവുതേടി പോലീസ് ഞായറാഴ്ച എടപ്പാളിലെ വീട്ടിൽ വീണ്ടുമെത്തി.

രണ്ടുമണിക്കൂറോളം നീണ്ട പരിശോധനയിൽ സുകാന്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകൾ, ഹാർഡ് ഡിസ്‌ക്‌ തുടങ്ങിയവ കണ്ടെടുത്തു. ഇത് കേസിൽ നിർണായക തെളിവായേക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഉത്തരവുമായി പേട്ട പോലീസ് എടപ്പാൾ പട്ടാമ്പി റോഡിൽ അടഞ്ഞുകിടക്കുന്ന വീട്ടിലെത്തിയത്. വട്ടംകുളം പഞ്ചായത്തംഗം ഇ.എ.

സുകുമാരനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെയും അയൽവാസിയായ ഇബ്രാഹിമിന്റെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. വീടിന്റെ താക്കോൽ അയൽവാസിയുടെ വീട്ടിൽനിന്ന് വാങ്ങിയശേഷം അകത്തുകയറി.

പരിശോധനയിൽ മുറികളിൽനിന്ന് ഒന്നും കിട്ടിയില്ല. പിന്നീട് മുകളിലെ നിലയിൽ സുകാന്തിന്റെ പൂട്ടിക്കിടന്ന മുറിയും അലമാരിയും കുത്തിത്തുറന്ന് പരിശോധിച്ചു. ഇതിൽനിന്നാണ് ഹാർഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെടുത്തത്. ഇവകൂടാതെ നിരവധി രേഖകളും ഇവർ പരിശോധിച്ചു. ആവശ്യമുള്ളവയുടെ ചിത്രങ്ങൾ പകർത്തി.

മേഘയുടെ മരണം നടന്ന് അധികംവൈകാതെ രണ്ടുതവണ പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും കാര്യമായ തെളിവെന്നും ലഭിച്ചിരുന്നില്ല. സുകാന്തിനെ തേടിയുള്ള അന്വേഷണം അയൽ സംസ്ഥാനങ്ങളിലെ ചില ബന്ധുക്കളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. പേട്ട എസ്ഐ ബാലു, അൻസാർ, ചങ്ങരംകുളം സ്റ്റേഷനിലെ വിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്.

Tags

Below Post Ad