പ്രസവശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങവേ കാർ കത്തിയമർന്നു; അത്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം

 


തൃശ്ശൂര്‍: തൃശൂരില്‍ പ്രസവശേഷം ആശുപത്രിയില്‍ നിന്ന് ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങവെ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു. തൃശൂര്‍ ആമ്പല്ലൂരില്‍ ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അത്ഭുതകരമായാണ് കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത്.


മുരിങ്ങൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. മുരിങ്ങൂര്‍ ഐക്കരപ്പറമ്പില്‍ വീട്ടില്‍ സജിയുടെ ഭാര്യയും ഇരട്ടക്കുട്ടികളും ഉള്‍പ്പടെ അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കാറിന്‌റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങാന്‍ നോക്കിയെങ്കിലും ആദ്യം ഡോര്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.


എന്നാല്‍ പീന്നിട് ഡോര്‍ തുറക്കുകയും സാധനങ്ങള്‍ എടുത്ത് പുറത്തിറങ്ങുകയുമായിരുന്നു. ഇതിന് തൊട്ട് പിന്നാലെ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിന്‌റെ കാരണം വ്യക്തമല്ല.

Below Post Ad