പാലക്കാട് ജില്ലയുടെ ചരിത്രത്തിലാദ്യമായി തൃത്താലയിൽ സംഘടിപ്പിച്ച മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സമാപിച്ചു.
മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല പോലുള്ള ഗ്രാമീണ മേഖലയിൽ ആശങ്കകളെ അസ്ഥാനത്താക്കുന്ന ജനകീയ പങ്കാളിത്തമായിരുന്നു മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിലേത്.
കക്ഷി രാഷ്ട്രീയത്തിനതീനമായി നടന്ന മെഡിക്കൽ ക്യാമ്പിനെ നാടൊന്നാകെയാണ് ഏറ്റെടുത്തതെന്നും, നിരാലംബരും അശരണരുമായ നിരവധി രോഗികൾക്ക് ക്യാമ്പ് കൈത്താങ്ങായെന്നും മന്ത്രി പറഞ്ഞു.
വട്ടേനാട് ജി.വി.എച്ച്.എസ് സ്കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന അധ്യക്ഷയായി. പത്മഭൂഷൺ ഡോ.ജോസ് ചാക്കോ പെരിയപുറം മുഖ്യാതിഥിയായി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി ബാലചന്ദ്രൻ,
പി.ബാലൻ, കെ.മുഹമ്മദ്, ഷറഫുദ്ദീൻ കളത്തിൽ, പി.കെ ജയ, അൻപോടെ തൃത്താല കൺവീനർ ഡോ.ഇ സുഷമ, സെക്രട്ടറി അഡ്വ.എ.പി സുനിൽ ഖാദർ എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ നാല് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടിൻ്റെ പ്രകാശനം പത്മഭൂഷൺ ഡോ.ജോസ് ചാക്കോ പെരിയപുറം നിർവ്വഹിച്ചു.
5000 ഓളം പേർ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി. സർക്കാർ ആശുപത്രികളും എറണാകുളം അമൃത, ലിസി, തൃശൂർ ജൂബിലി, അമല, കോട്ടയ്ക്കൽ മിംസ് എന്നിങ്ങനെ കേരളത്തിലെ മികച്ച സ്വകാര്യ ആശുപത്രികളിലെയും ഹോമിയോ, അലോപ്പതി, ആയുർവേദ വിഭാഗങ്ങളിലെയും നൂറിലധികം പ്രശസ്ത ഡോക്ടർമാരാണ് മെഡിക്കൽ ക്യാമ്പിൽ പരിശോധനക്കെത്തിയത്. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള പരിശോധനാ സംവിധാനങ്ങളും ചികിത്സാ സംവിധാനങ്ങളുമാണ് ക്യാമ്പിലുണ്ടായിരുന്നത്. ആയുർവേദ - ഹോമിയോ വിഭാഗങ്ങളിലെയും വിദഗ്ധ ഡോക്ടർമാർ പങ്കെടുത്തു.
ക്യാമ്പിൻ്റെ ഭാഗമായി എട്ടു വിഷയങ്ങളിൽ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നടത്തി. ക്യാൻസർ പ്രതിരോധം, ജീവൻ രക്ഷാ പ്രാഥമിക ശുശ്രൂഷാ പരിശീലനം, ലഹരി നിർമ്മാർജനം - സാമൂഹിക ഉത്തരവാദിത്വം, ഔഷധ സസ്യങ്ങൾ, ഉത്തരവാദ രക്ഷാകർതൃത്വം, പകർച്ചേതര രോഗ നിയന്ത്രണം, യോഗ, ജീവിതശൈലീ രോഗ നിയന്ത്രണം എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.