മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന് ഒരുങ്ങി തൃത്താല

 


മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന് തൃത്താല ഒരുങ്ങുകയാണ്. തൃത്താല മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ 'അൻപോടെ തൃത്താല'യുടെ ഭാഗമായാണ് ഈ മെഗാ ക്യാമ്പ്. മെയ് 11 ന് നടക്കുന്ന ക്യാമ്പിന്റെ വേദി വട്ടേനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളാണ്. രജിസ്‌ട്രേഷൻ പൂർത്തിയായതോടെ മൂവായിരം രോഗികൾ ക്യാമ്പിനെത്തുമെന്ന് കണക്കാക്കുന്നു. 

28 വിഭാഗങ്ങളിലായി കേരളത്തിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിലെ പ്രഗത്ഭ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും വൻ സംഘം ക്യാമ്പിന് നേതൃത്വം നൽകും. എറണാകുളം അമൃത, അങ്കമാലി ലിറ്റിൽ ഫ്‌ളവർ, തൃശൂർ ജൂബിലി മിഷൻ, ദയ ഹോസ്പിറ്റൽ, കുന്ദംകുളം യൂണിറ്റി, എറണാകുളം ലിസി, പാലക്കാട് ജില്ലയിലെ പി കെ ദാസ് മെഡിക്കൽ കോളേജ്, ലക്ഷ്മി ആശുപത്രി, വള്ളുവനാട് ഹോസ്പിറ്റൽ ഒറ്റപ്പാലം, മലപ്പുറം ജില്ലയിലെ എടപ്പാൾ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ അൽ ഷിഫ, ഇ എം എസ്, കോഴിക്കോട് നിന്ന് എം വി ആർ കാൻസർ സെന്റർ, തലശ്ശേരി മലബാർ കാൻസർ സെന്റർ, തൃശൂർ, പാലക്കാട് ഗവ. മെഡിക്കൽ കോളേജുകൾ എന്നീ സ്ഥാപനങ്ങൾ അത്യാധുനിക സജ്ജീകരണങ്ങളുമായി പരിശോധനകൾക്കും രോഗനിർണയത്തിനും നേതൃത്വം നൽകും. അമൃത, എം വി ആർ കാൻസർ സെന്റർ എന്നിവയുടെയും ദന്തപരിശോധനക്കുള്ളതുമായ സർവ സജ്ജമായ വാഹനങ്ങളും ക്യാമ്പിനായി എത്തും. 

 മെയ് 11 ന് രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾക്ക് പുറമെ ഇന്ത്യയിലെ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ പദ്മഭൂഷൺ ഡോ . ജോസ് ചാക്കോ പെരിയപുറം, പ്രശസ്ത കാൻസർ ചികിത്സകൻ ഡോ. വി പി ഗംഗാധരൻ എന്നിവരുടെ സവിശേഷ സാന്നിധ്യവും ഉണ്ടാകും. ഈ ക്യാമ്പിൽ രോഗം കണ്ടെത്തുന്നവർക്ക് തുടർ ചികിത്സക്ക് സാധ്യമായ പിന്തുണ നൽകാനും ശ്രമിക്കും.

തൃത്താലക്ക് ഈ ക്യാമ്പ് ഇതുവരെയില്ലാത്ത പുതിയൊരു അനുഭവമായിരിക്കുമെന്ന് മന്ത്രി എംബി രാജേഷ് പറഞു . തൃത്താലയിൽ മാത്രമല്ല, പാലക്കാട് ജില്ലയിൽ തന്നെ ഇത്തരമൊരു മെഗാ മൾട്ടി സ്പെഷ്യാലിറ്റി ക്യാമ്പ് ആദ്യമാണ്. ക്യാമ്പിന്റെ വിജയത്തിനായി സംഘാടകസമിതി ഉത്സാഹത്തോടെ പ്രവർത്തിച്ചുവരുന്നു. 250 വളണ്ടിയർമാർ രോഗികളെ സഹായിക്കാനായി പൂർണസജ്ജരായി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു



Below Post Ad