പട്ടാമ്പി : വാടാനാംകുറുശ്ശിയിൽ ലോറി മറിഞ്ഞ് അപകടം. നിർമ്മാണം നടക്കുന്ന വാടാനാംകുറുശ്ശി മേൽപാലത്തിന് അടിയിലാണ് ലോറി മറിഞ്ഞത്. ബുധനാഴ്ച പുലർച്ചെ 4 മണിയോട് കൂടിയാണ് അപകടം. കുളപ്പുള്ളി ഭാഗത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് വളം കയറ്റി വരുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. മേൽപാലം നിർമ്മാണത്തിന്റെ ഭാഗമായി താൽകാലികമായി ഉണ്ടാക്കിയ സർവീസ് റോഡ് വഴി വന്ന വാഹനമാണ് മറിഞ്ഞത്. റോഡരികിലെ താഴ്ചയിൽ ചക്രം അകപ്പെട്ടതാണ് ലോറി മറിയാൻ കാരണം.
മേൽപാല നിർമ്മാണത്തിന്റെ മെല്ലെപോക്കും റോഡ് തകർച്ചയും കാരണം നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് കണ്ടെയ്‌നർ ലോറി സർവീസ് റോഡിൽ കുടുങ്ങി മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്.