പട്ടാമ്പി/ തൃശ്ശൂർ:കോൾപാടത്ത് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.മനക്കൊടി പുള്ള് കോൾ ടൂറിസം പദ്ധതി മേഖലയിലെ വിളക്കംമാടം കോൾ പാടത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയാണ് മുങ്ങി മരിച്ചത്. തൃശ്ശൂർ എൻജിനീയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി പട്ടാമ്പി വാടാനാംകുറിശ്ശി സ്വദേശി ഹാഷി(22)മാണ് മുങ്ങിമരിച്ചത്.
വ്യാഴാഴ്ച ബൈക്കുകളിൽ സഹപാഠികളോടൊപ്പമാണ് ഹാഷിം കോൾ പാടത്ത് എത്തിയത്. ഇതിൽ നീന്താനിറങ്ങിയ നാലുപേർ ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോയി.
സമീപത്തെ വിനോദ സഞ്ചാര കേന്ദ്രത്തിലെ വഞ്ചിയുമായി ആദ്യം നാട്ടുകാർ തിരച്ചിൽ നടത്തി. മൂന്നുപേരെ രക്ഷിച്ചെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല. തൃശ്ശൂരിൽനിന്നും നാട്ടികയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും അന്തിക്കാട് പോലിസും, സ്കൂബാ സംഘമുൾപ്പടെയുള്ളവർ നടത്തിയ തിരച്ചിലാണ് രാത്രി എട്ടു മണിയോടെ മൃതദേഹം കോൾപ്പാടത്തെ സ്ലൂസിനടുത്ത് നിന്നും കണ്ടെത്തിയത്. മൃതശരീരം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.