'ഈസക്ക എന്ന വിസ്മയം' പുസ്തക പ്രകാശനവും അനുസ്മരണവും ഓഗസ്റ്റ് 11 തിങ്കളാഴ്ച

 



തൃത്താല: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ കെ.മുഹമ്മദ് ഈസയുടെ ഓര്‍മ്മകളുണര്‍ത്തുന്ന പുസ്തകം 'ഈസക്ക എന്ന വിസ്മയം' തൃത്താല ആസ്പയര്‍ കോളേജില്‍ പ്രകാശനം ചെയ്യും.

 പ്രകാശന കര്‍മ്മവും 'ഓര്‍മ്മകളില്‍ ഈസക്ക' എന്ന അനുസ്്മരണ ചടങ്ങിന്റെ ഉദ്ഘാടനവും പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിക്കും. ആസ്പയര്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മാനേജിംഗ് ഡയറക്ടര്‍ പി.ടി.മൊയ്തീന്‍കുട്ടി പുസ്തകം ഏറ്റുവാങ്ങും.

 ഓഗസ്റ്റ് 11 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൃത്താല ആസ്പയര്‍ കോളേജിലെ സെമിനാര്‍ ഹാളിലാണ് ചടങ്ങ്. രാഷ്ട്രീയ സാംസ്‌കാരിക, വിദ്യാഭ്യാസ, സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. 

ഖത്തറിലെ പ്രമുഖ ഭാഷാ ഗവേഷകനായ ഡോ.അമാനുള്ള വടക്കാങ്ങര എഡിറ്റ് ചെയ്ത 'ഈസക്ക എന്ന വിസ്്മയം' എന്ന പുസ്തകം മുഹമ്മദ് ഈസയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ്. സാമൂഹ്യ,വിദ്യാഭ്യാസ, സംരംഭക, കായിക,ജീവകാരുണ്യ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഈ പുസ്തകത്തില്‍ വായിച്ചെടുക്കാം. 

പ്രമുഖരായ സാഹിത്യകാരന്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവരുടെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം. കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.

പ്രവാസി മലയാളികള്‍ക്കും പുതുതലമുറയിലുള്ളവര്‍ക്കും ജീവിതത്തില്‍ ഒട്ടേറെ പാഠങ്ങള്‍ നല്‍കുന്ന വേറിട്ട കൃതിയാണിതെന്ന് പുസ്തകത്തിന്റെ അഡിറ്റര്‍ ഡോ.അമാനുള്ള വടക്കാങ്ങര പറഞ്ഞു. സ്‌നേഹത്തിന്റെയും നന്മയുടെയും പ്രകാശഗോപുരമായിരുന്നു ഈസക്ക എന്ന കെ.മുഹമ്മദ് ഈസ. വ്യത്യസ്ത മേഖലകളില്‍ മാതൃകാപരവും അനുകരണീയവുമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. ഒരു ചെറുപുഞ്ചിരി കൊണ്ട് മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജീവിതപ്രതിസന്ധികളില്‍ പെട്ടവര്‍ക്ക് കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശം അദ്ദേഹം പകര്‍ന്നു നല്‍കി. കലയും സംസ്‌കാരവും മനുഷ്യനെ നവീകരിക്കുക മാത്രമല്ല സമൂഹത്തില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയാകണമെന്നുമുള്ള സന്ദേശം നല്‍കിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. ഡോ.അമാനുള്ള വടക്കാങ്ങര പറഞ്ഞു.

Tags

Below Post Ad