കപ്പൂരിൽ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.ബി രാജേഷ്, കർഷകരെ അപമാനിച്ച് നടത്തിയ പ്രസ്ഥാവന തിരുത്തണമെന്ന് പാടശേഖര സമിതി കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കർഷക ദിനാചരണ ചടങ്ങിൽ കർഷകരുടെ പ്രയാസങ്ങൾ സർക്കാരിനെ അറിയിക്കാൻ പത്ത് മിനുറ്റ് സമയം നൽകണമെന്ന പാടശേഖര സമിതിയുടെ ആവശ്യം നിരസിക്കുകയും പ്ലക്കാർഡ് ഉയർത്തി മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാൻ അനുമതി നിഷേധിക്കുകയും ചെയ്തപ്പോഴാണ് പാടശേഖര സമിതി സമര രംഗത്തിറങ്ങിയതെന്നും പ്രതിഷേധിച്ചവർ കർഷകരല്ലെന്ന മന്ത്രിയുടെ പ്രസ്ഥാവന അപലപനീയമാണെന്നും ഭാരവാഹികൾ പറഞ്ഞു.
നെൽ കർഷകരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക,
നെല്ല് കർഷകർക്ക് കൊടുക്കുവാനുള്ള മുഴുവൻ തുകയും നൽകുക, നെല്ലിന്റെ വില കർഷകന്റെ പേരിൽ PRS വായ്‌പയായി ബാങ്കിൽ നിന്ന് കൊടുക്കുന്ന സംവിധാനം അവസാനിപ്പിക്കുക,
നെല്ല് സംഭരണവുമായി
ബന്ധപ്പെട്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിൽ ഒപ്പിട്ട MOU വിലെ വ്യവസ്ഥകൾ പൂർണമായും സംസ്ഥാന സർക്കാർ പാലിക്കുക,
നെല്ല് സംഭരിച്ച് 24 മണിക്കൂറിനകം കർഷകന് PRS അനുവദിക്കുക,
നെല്ല് സംഭരണ വില 48 മണിക്കൂറിനുള്ളിൽ കർഷകന്റെ അക്കൗണ്ടിലേക്ക് സർക്കാർ നേരിട്ട് നിക്ഷേപിക്കുക, ബേബി കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഉടൻ നടപ്പിലാക്കുക,
ചിങ്ങം ഒന്നിന് കർഷക അസംബ്ലി നടത്തുക, കല്ലടത്തൂർ പാടശേഖരത്തിൽ
നെൽ കൃഷി പുന:സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് അടിയന്തരമായി ഇടപെടുക,
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ച മുഴുവൻ തുകയും കപ്പൂർ പഞ്ചായത്ത് അനുവദിക്കുക,
വിത്ത് വിതരണത്തിലെ അനിശ്ചിതത്വം കപ്പൂർ കൃഷിഭവൻ ഉടൻ പരിഹരിക്കുക,
നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന വിഹിതം വെട്ടിക്കുറക്കുന്നത് അവസാനിപ്പിക്കുക,
വിള ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാന സർക്കാർ നൽകാനുള്ള മുഴുവൻ വിഹിതവും ഉടൻ കൊടുത്തു തീർക്കുക,
നെല്ലിന്റെ താങ്ങുവില 40 രൂപയാക്കി വർധിപ്പിക്കുക,
ഭാരതപ്പുഴ - നരണിപ്പുഴ നദീ സംയോജന പദ്ധതി നടപ്പിലാക്കുക.
കാങ്കപ്പുഴയിൽ നിന്ന് കപ്പൂർ പഞ്ചായത്തിലേക്ക് ഇറിഗേഷൻ സംവിധാനം നടപ്പിലാക്കുക,
60 പിന്നിട്ട കർഷകർക്ക് പ്രതിമാസ പെൻഷൻ 5000 രൂപയാക്കുക,
കർഷകരുടെ മക്കൾക്ക് അഗ്രി യുണിവേഴ്സിറ്റിയിൽ പഠിക്കുന്നതിന് 20 ശതമാനം സംവരണം അനുവദിക്കുക
തുടങ്ങിയ ആവശ്യങ്ങളും കോഡിനേഷൻ കമ്മിറ്റി മുന്നോട്ടുവച്ചു.
പാടശേഖര സമിതി കോഡിനേഷൻ കമ്മിറ്റി പ്രസിഡണ്ട് കെ.മൊയ്തീൻ ലിയാഖത്ത്, സെക്രട്ടറി അലിമോൻ അന്നിക്കര,ട്രഷറർ കെ.പി ഇബ്രാഹിം,പത്തിൽ മൊയ്തുണ്ണി,എം.കെ ഹനീഫ, പി.നാസർ, കെ.പി അലി, പി.സക്കീർ ഹുസൈൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു