പട്ടാമ്പി : തെക്കുമലയിൽ നിന്ന് ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത ഇന്നലെ രാവിലെ വലിയ പരിഭ്രാന്തിയാണ് ഉണ്ടാക്കിയിരുന്നത്.
പിതാവിനൊടൊപ്പം സ്കൂളിലേക്ക് പോയ കുട്ടിയെ മൂന്ന് കാറുകളിലായി എത്തിയ സംഘം ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു എന്നാണ് പരാതി ലഭിച്ചത്. വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ മുഹമ്മദ് ഇവാൻ സായിക്കിനെ ആയിരുന്നു കടത്തിക്കൊണ്ടുപോയത്.
പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് നടത്തിയ അന്വേഷണമാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിൽ കുട്ടിയുടെ ഉമ്മയും കുടുംബവും ആണെന്ന് വ്യക്തമായത്.
കുട്ടിയുടെ പിതാവ് മുഹമ്മദ് ഹനീഫയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞു താമസിക്കുന്നവരാണ്. കുട്ടിയുടെ ഉമ്മ വിദേശത്താണ്.
കുട്ടിയെ വിട്ടുതരണം എന്ന ആവശ്യം മുഹമ്മദ് ഹനീഫ അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ബലമായി കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്.
കടത്തിക്കൊണ്ടുപോയ കുട്ടിക്ക് ഇവർ പാസ്പോർട്ട് ശരിയാക്കിയിരുന്നു. കുട്ടിയെ വിദേശത്തുള്ള ഉമ്മയുടെ അടുത്തേക്ക് കടത്താനായിരുന്നു പരിപാടി.
കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. യഥാർത്ഥത്തിൽ നടന്നത് തട്ടിക്കൊണ്ടു പോകലല്ല കുട്ടിയുടെ അവകാശത്തെ ചൊല്ലിയുള്ള കുടുംബ വഴക്കായിരുന്നു !