കൂറ്റനാട്:കഴിഞ്ഞ ഒന്നര വർഷമായി നവീകരണ പ്രവൃത്തി നടന്നു വരുന്ന വട്ടൊള്ളിക്കാവ് - കറുകപുത്തൂർ പാതയിൽ അമിതഭാരമുള്ള വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത ഓട്ടം നിർമ്മാണ പ്രവൃത്തിക്ക് തടസ്സമാണെന്നും പൊതുജനങ്ങൾക്ക് യാത്രാതടസ്സം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രയാസങ്ങൾ ഉണ്ടാക്കുന്നതായും ആരോപിച്ച് റോഡിൻ്റെ ഉപഭോക്താകളും തിരുമിറ്റക്കോട്, നാഗലശ്ശേരി പഞ്ചായത്തിലുൾപ്പെടുന്ന ചാത്തനൂർ, നാഗലശ്ശേരി ഗ്രാമങ്ങളിലെ ജനങ്ങളും ചേർന്ന് തൃത്താല പിഡബ്ലിയുഡി ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു.
അനധികൃതമായ രീതിയിൽ ചാത്തനൂർ പ്രദേശത്തേയും സമീപപ്രദേശങ്ങളിലേയും ക്വാറികളിൽ നിന്ന് കരിങ്കല്ലുകൾ, മണ്ണ്, പാറപ്പൊടി എന്നിവയുമായി ദിവസവും നൂറ് കണക്കിന് വാഹനങ്ങളാണ് ഈ പാതയിലൂടെ പോകുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങൾ ഉണ്ടായതോടെ കഴിഞ്ഞ ഡിസംബറിൽ പൊതുമരാമത്ത് വിഭാഗം ഭാരവാഹനങ്ങൾ നിരോധിച്ചതായി പത്രമാധ്യമങ്ങളിലൂടെ അറിയിപ്പുകൾ നൽകുകയും പാതയോരങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഉത്തരവ് ക്വാറി മാഫിയകളുടെ സ്വാധീനത്താൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നില്ലെന്നും സമരത്തിന് നേതൃത്വം നൽകിയ ചാത്തനൂരിലെ പ്രതികരണ വേദി പ്രവർത്തകർ ആരോപിച്ചു. നിയന്ത്രണമില്ലാതെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടയിൽ അമിതഭാരവുമായി പായുന്ന വാഹനങ്ങൾ മൂലം റോഡിൻ്റെ സുരക്ഷയെയും ഉറപ്പിനേയും ബാധിക്കാനിടയുണ്ടെന്ന് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും വാഹനങ്ങളെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ലെന്നും പ്രതിഷേധ സമരക്കാർ പറഞ്ഞു. റോഡിലുണ്ടായ വലിയ ചാലുകളും കുണ്ടും കുഴികളും കാരണം സ്കൂളിലേക്ക് കുട്ടികളുമായി പോകുന്ന ചെറുവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിരന്തരം അപകടത്തിൽ പെടുന്ന സ്ഥിതിയും ഇവിടെ പതിവായെന്നും , ഉദ്യോഗസ്ഥരും ക്വാറി ഉടമകളും ഒത്തുകളിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും, സ്വൈരജീവിതത്തിനായി നാട്ടുകാർക്ക് പ പ്രത്യക്ഷസമരവുമായി മുന്നോട്ടു പോകേണ്ട സ്ഥിതിയാണെന്നും പ്രതികരണ വേദി പ്രവർത്തകർ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ11ന് തൃത്താല സെൻ്ററിൽ നിന്ന് തുടങ്ങിയ ജനകീയ മാർച്ചിൽ ചാത്തനൂർ, കറുകപുത്തൂർ, വെള്ളടിക്കുന്ന്, ചാഴിയാറ്റിരി,ഇട്ടോണം, പള്ളിപ്പാടം, നാഗലശ്ശേരി, തിരുമിറ്റക്കോട്, പ്രദേശങ്ങളിലെ വനിതകളും വിദ്യാർഥികളും, വീട്ടമ്മമാരും ഉൾപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങൾ അണിനിരന്നു.
ജനകീയ മാർച്ചിനെ പിഡബ്ലിയുഡി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ പി.വി.ഫിറോസ് ഖാൻ, സി.ജയകൃഷ്ണൻ, മുൻപഞ്ചായത്തംഗം പി.പി.നന്ദൻ,എൻ. എസ്.സനൂപ് എന്നിവർ സംസാരിച്ചു.