വിജയിയുടെ റാലിക്കിടെ വൻ ദുരന്തം, മരണ സംഖ്യ ഉയരുന്നു,

 


ചെന്നൈ: തമിഴകം വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിയുടെ കരൂരിലെ റാലിക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 40 കടന്നതായി റിപ്പോർട്ട്. കുട്ടികളും സ്ത്രീകളുമടക്കം മരിച്ചവരിൽ ഉൾപ്പെടുമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം

സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തര ചികിത്സകൾ ലഭ്യമാക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് മന്ത്രിമാർ സ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ നാളെ പുലർച്ചെ തിരുച്ചി വഴി കരൂരിൽ എത്തും

നിയന്ത്രിക്കാനാകാതെ ജനസാഗരം 

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി. കനത്ത തിരക്കിനെ തുടർന്ന് നിരവധി പേർ ബോധരഹിതരായതോടെ വിജയ്ക്ക് താൽക്കാലികമായി പ്രസംഗം നിർത്തേണ്ടി വന്നു. ജനാവലി വർധിക്കുകയും തിക്കും തിരക്കും കൂടുകയും ചെയ്തതോടെയാണ് പാർട്ടി പ്രവർത്തകരും കുട്ടികളും ബോധക്ഷയം വന്ന് കുഴഞ്ഞുവീണത്. ഇതോടെ വിജയ് പ്രസംഗം നിർത്തിവെച്ച്, ആളുകളോട് ശാന്തരാകാൻ ആവശ്യപ്പെടുകയും, ആവശ്യപ്പെട്ടവർക്ക് സഹായം എത്തിക്കാൻ ആംബുലൻസുകൾക്ക് വഴി നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ ആശയക്കുഴപ്പങ്ങൾക്കിടയിൽ, ഒമ്പത് വയസ്സുകാരിയായ ഒരു പെൺകുട്ടിയെ കാണാതായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന്, കുട്ടിയെ കണ്ടെത്താൻ സഹായം നൽകണമെന്ന് പോലീസിനോടും പ്രവർത്തകരോടും വിജയ് പരസ്യമായി അഭ്യർത്ഥിച്ചു. ഇതിനിടെയാണ് ആളുകൾ ശ്വാസം കിട്ടാതെ കുഴഞ്ഞ് വീണത്

Below Post Ad