കൂറ്റനാട്:ശബരിമലയിലെ സ്വർണ്ണത്തിലും, തൃത്താലയിലെ റോഡിലും ഒരുപോലെ അഴിമതി നടത്തി അഴിമതിചരിത്രത്തിൽ വീരഗാഥ രചിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും,മന്ത്രി എം. ബി.രാജേഷും എന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി.ബൽറാം പറഞ്ഞു. തൃത്താലയിലെ റോഡുകൾ നിർമ്മാണത്തിന് തൊട്ടുപിന്നാലെ തകരുന്നത് അഴിമതി മൂലം ആണെന്നും, ഇതിനെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും പോലും ഇപ്പോഴും കുറ്റക്കാരെ ന്യായീകരിക്കുകയാണ് സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി എന്നും വി.ടി.ബൽറാം ആരോപിച്ചു.
തൃത്താല നിയോജക മണ്ഡലത്തിൽ മന്ത്രി എം.ബി.രാജേഷ് പണിതീർത്തു എന്നു പറയുന്ന റോഡുകളിൽ നടന്ന അഴിമതികളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, പാലത്തറ-കൊടുമുണ്ട റോഡ് പണിയിൽ കണ്ടെത്തിയ അഴിമതിക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും തൃത്താല നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃത്താല എം.എൽ.എ.യും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുമായ എം.ബി.രാജേഷിന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനുശേഷം നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ എം.എൽ.എ.കൂടിയായ വി.ടി.ബൽറാം.
മന്ത്രിയും കൂട്ടാളികളും തൃത്താല മണ്ഡലത്തെ അഴിമതിയുടെ കൂത്തരങ്ങായി മാറ്റിയിരിക്കുകയാണെന്നും,2010 മുതൽ 2020 വരെ 10 വർഷം വി.ടി.ബൽറാം തൃത്താലയിൽ നടത്തിയ വികസനത്തിന്റെ ഏഴകലത്ത് എത്താൻ പോലും എം.ബി.രാജേഷിന് ആവില്ലെന്നും പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ സി.വി.ബാലചന്ദ്രൻ പറഞ്ഞു.
കൂറ്റനാട് രാജീവ് ഭവനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പട്ടാമ്പി,ഗുരുവായൂർ, പൊന്നാനി റോഡുകളിലൂടെ തൃത്താല റോഡിലേക്ക് പ്രവേശിച്ച് മന്ത്രിയുടെ ഓഫീസ് എത്തുന്നതിനു മുമ്പായി പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.തുടർന്ന് നടന്ന ധർണ്ണയിൽ തൃത്താല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വിനോദ് അധ്യക്ഷനായി.
ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ കെ.ബാബു നാസർ,പി.മാധവദാസ്,പി.വി.മുഹമ്മദാലി,പി.ബാലൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ്,ഐ.എൻ.ടി. യു.സി.സംസ്ഥാന ജനറൽ സെക്രട്ടറി വി.അബ്ദുള്ളക്കുട്ടി, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ഷംസുദ്ദീൻ,മാനു വട്ടൊള്ളി,യു.ഡി.എഫ്. തൃത്താല നിയോജക മണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ,കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബാവ മാളിയേക്കൽ,എം.ടി.ഗീത, പട്ടിത്തറ മണ്ഡലം പ്രസിഡന്റ് സി.പി.മുഹമ്മദ്, മഹിളാ കോൺഗ്രസ് നേതാക്കളായ പി.റഷീദ,പ്രിയ സുരേഷ്,ജയന്തി വിജയകുമാർ,ഇ.റാണി, റംല വീരാൻകുട്ടി എന്നിവർ സംസാരിച്ചു.