ചാലിശ്ശേരി പഞ്ചായത്തിലെ കവുക്കോട് മൊയ്തീൻ മാസ്റ്റർ മെമ്മോറിയൽ എ.എൽ.പി സ്കൂൾ നൂറാം വാർഷികം ശതപൂർണ്ണിമ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 12ന് ഞായറാഴ്ച രാവിലെ 9.30ന് ശതപൂർണ്ണിമയുടെ ഉദ്ഘാടനവും പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമവും മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.
അനുപമ ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുക്കും. ക്ലാസുകളിലെ സ്മാർട് ടി.വി ഉദ്ഘാടനം ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ നിർവഹിക്കും. ത്രിതല തദ്ദേശ സാരഥികളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.
ഉച്ചയ്ക്ക് 12ന് പ്രമുഖ മജിഷ്യൻ എം.അബൂബക്കർ മാജിക് ഷോ അവതരിപ്പിക്കും. 2 മണിക്ക് പൂർവ്വ വിദ്വാർത്ഥികൾ അനുഭവങ്ങൾ പങ്കുവെക്കും. കലാപരിപാടികളും അരങ്ങേറും. വിരമിച്ച അധ്യാപകരെ ആദരിക്കും.
നൂറാം വാർഷികത്തിൻ്റെ ഭാഗമായി സ്കൂളിൽ ആധുനിക അടുക്കള, ഓഡിറ്റോറിയം, സോളാർ എനർജി, ഐ.ടി ലാബ് നവീകരണം, ക്ലാസുകളിൽ സ്മാർട് ടി.വി, ഡിജിറ്റൽ ബോർഡ് തുടങ്ങിയ 30 ലക്ഷം രൂപയുടെ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്ന് സ്കൂൾ ഭാരവാഹികളായ ബാബു നാസർ, എം. അബൂബക്കർ, ഫൈസൽ മാസ്റ്റർ, ഷമീർ തച്ചറായിൽ, എ.എം നൗഷാദ് എന്നിവർ അറിയിച്ചു.