തൃത്താല : എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനും കർഷകനുമായ തൃത്താല മാമ്പുള്ളി ഞാലിൽ ഹംസ ഹാജി (എ.എച്ച് തൃത്താല - 79) നിര്യാതനായി. ഖബറടക്കം ഇന്ന് 3 മണിക്ക് തൃത്താല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
13 വർഷം പ്രവാസ ജീവിതം നയിച്ച എ.എച്ച് തൃത്താല ദീർഘകാലം നാടിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു. ശാരീരിക പ്രയാസങ്ങൾക്കിടയിലും എഴുത്തും വായനയുമായി വിശ്രമ ജീവിതം സമ്പന്നമാക്കുന്നതിനിടയിലാണ് മരണം.
വാർധക്യത്തിലും കംപ്യൂട്ടറിലും, ടാബിലുമായി രചനകൾ നടത്തിയിരുന്ന എ.എച്ച് തൃത്താല ആധുനിക സംവിധാനങ്ങളോട് തനിക്കുള്ള ആത്മബന്ധം അരക്കിട്ടുറപ്പിച്ചിരുന്നു. മതപരമായ ആധികാരിക ഗ്രന്ഥങ്ങൾ പഠിക്കാൻ കഴിഞ്ഞതാണ് എഴുത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
15 വർഷം മുമ്പ് ആദ്യമായി കംപ്യൂട്ടറിൽ എഴുതിയ പുസ്തകം 2010ൽ പുറത്തിറങ്ങിയ 240 പേജുകളുള്ള മാനവൻ്റെ മോക്ഷമാർഗ്ഗം എന്ന കൃതിയാണ്. ഇതിന് പ്രചോദനമായത് പ്രസിദ്ധ എഴുത്തുകാരൻ സി.രാധാകൃഷ്ണനാണ്.
മാതൃഭൂമി, മനോരമ, ചന്ദ്രിക, മാധ്യമം തുടങ്ങിയ ആനുകാലികളിൽ എഴുതിയ ലേഖനങ്ങൾക്ക് പുറമെ, കഥയും കവിതയും നോവലുകളും ഫീച്ചറുകളുമായി നിറഞ്ഞുനിന്ന ഈ അക്ഷര സ്നേഹിയുടെ തൂലികയിൽ നിന്ന് പത്തിലധികം കനപ്പെട്ട കൃതികൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചന്ദ്രികയിലൂടെ പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ ധാർമ്മിക തകർച്ചയെന്ന ലേഖന പരമ്പരക്ക് 2007ലെ എം.ഗോവിന്ദൻ അവാർഡ് ലഭിച്ചിരുന്നു.
നാട്ടുകാരുടെ ഇടയിൽ ഹംസ ഹാജി പ്രവാസിയും കച്ചവടക്കാരനും കൃഷിക്കാരനും മതപണ്ഡിതനുമാണ്. സാഹിത്യകാരനും ഗ്രന്ഥകാരനും കൂടിയാണ് ഇദ്ദേഹമെന്ന് അറിയുന്നവർ ഏറെ ഉണ്ടായിരുന്നില്ല. കോഴിക്കോട് ഐ.പി.എച്ച്. 'ആന' എന്ന ബാലനോവൽ പുസ്തക രൂപത്തിൽ പുറത്തിറക്കിയതിനുശേഷമാണ് അടുത്ത സുഹൃത്തുക്കളിൽ പലരും എ.എച്ച് തൃത്താലയെന്ന സാഹിത്യകാരൻ ഹംസ ഹാജിയാണെന്ന് തിരിച്ചറിഞ്ഞത്.
സ്കൂൾ പഠനകാലത്ത് നോട്ടുപുസ്തകത്തിൽ ഉമിത്തീ എന്ന പേരിൽ എഴുതിയ ഒരു രചന ശ്രദ്ധയിൽപെട്ട വി.ടി.ഭട്ടതിരിപ്പാട് ആണ് അത് അച്ചടിക്കാൻ സഹായിച്ചത്.
കേവല വിനോദോപാധി എന്ന നിലയിൽ ഹംസ ഹാജി സാഹിത്യ രചനയെ കണ്ടിരുന്നില്ല. വായനക്കാരുടെയുള്ളിൽ നന്മയും സ്നേഹവും വിജ്‌ഞാനവും പകരാനുള്ള ഒരെളിയ യത്നമെന്ന നിലയിലാണ് എഴുത്തിൻ്റെ വഴിയിൽ അദ്ദേഹം നടന്നത്.
അത്യപൂർവ്വമായ മാമ്പഴം കായ്ക്കുന്ന മാവുകൾ, തെങ്ങുകൾ ഉൾപ്പെടെ വേറിട്ട കൃഷിയുടെ കൂട്ടുകാരനാണ് എ.എച്ച്.
കൃഷിയെന്നാൽ അദ്ദേഹത്തിന് ജീവനായിരുന്നു. മുടവനൂരിൽ പത്തേക്കർ സ്ഥലത്ത് അദ്ദേഹം കൃഷി ചെയ്തിരുന്നു. നാല് ഏക്കർ സ്ഥലം കല്ലുവെട്ടിയാണ് ഇദ്ദേഹം തെങ്ങിൻ തോപ്പാക്കിയത്. ഡ്രിപ് ഇറിഗേഷൻ വഴിയാണ് ഇവ നനച്ചിരുന്നത്. റബർ, തെങ്ങ്, വാഴ, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ, മുരിങ്ങ, ചക്കരകൊല്ലി ഉൾപ്പെടെയുള്ള വിവിധ ഇനം കൃഷികളാണ് മുടവന്നൂരിലുള്ളത്. നമസ്കരിക്കാനും മറ്റുമായി ഇവിടെ ഒരു ഫാം ഹൗസും നിർമ്മിച്ചിട്ടുണ്ട്. ഇതിനുപുറമെ വെള്ളിയാംകല്ല് കടവിൽ ഇരുപ്പൂ നെൽകൃഷിയുമുണ്ട്.
കപ്പൂർ ദാറുൽഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ സ്ഥാപക വൈസ് പ്രസിഡൻറായിരുന്നു. കുമരനല്ലൂർ ഇസ്ലാഹിയ ഇംഗ്ലീഷ് മീഡിയം സ്കുളിൻ്റെ ആദ്യകാല പ്രവർത്തകനും തൃത്താല ഐ.ഇ.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിൻെറ സ്ഥാപകരിൽ ഒരാളുമാണ്. റബർ ഉല്പാദക സംഘം ജില്ലാ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
യൂത്ത് ലീഗിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച ഹംസ ഹാജി അബുദാബി കെ.എം.സി.സി പ്രവാസി സംഘടനയുടെ സ്ഥാപകരിൽ ഒരാളായി മാറി. പ്രവാസി ലീഗിന്റെ ജില്ലാ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. വീടിൻ്റെ മുൻവശത്തു തന്നെ ഭാരത് പ്രിൻ്റേഴ്സ് എന്ന പേരിൽ സ്വന്തമായൊരു അച്ചുകൂടമുണ്ടായിരുന്നു. ഇതിൽ നിന്ന് ഏതാനും ഗ്രന്ഥങ്ങളും പുറത്തു വന്നിട്ടുണ്ട്. ഏതാനും വർഷം മുമ്പ് പ്രസ് നിർത്തി.
IPH പ്രസിദ്ധീകരിച്ച ആനയെന്ന ബാലസാഹിത്യ നോവലിന് 2012ൽ കുഞ്ഞുണ്ണി മാഷ് അവാർഡും, 2014ൽ കർമ്മഭൂമിയെന്ന ചെറുകഥാ സമാഹാരത്തിന് ഒടുവിൽ ഉണ്ണികൃഷ്ണൻ അവാർഡും ലഭിച്ചു.
എം.ടി, എം.പി.ശങ്കുണ്ണി നായർ, അക്കിത്തം, സുകുമാർ അഴീക്കോട്, സി.രാധാകൃഷ്ണൻ, സച്ചിദാനന്ദൻ, കവി പി.ടി.നരേന്ദ്രമേനോൻ, കെ.പി.രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, സന്ദീപാനന്ദഗിരി, റഹീം മേച്ചേരി തുടങ്ങിയ എഴുത്തുകാരും ചിന്തകരും ആയ നീണ്ട നിരതന്നെ അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിൽ ഉണ്ട്.
ഭാര്യ: റഷീദ (കൂടല്ലൂർ ).മക്കൾ: അബുൽകലാം, ഹാറൂൺ, ഹബീബ, ഡോ.ഹുബൈബ്. മരുമക്കൾ: സദഖത്തുള്ള (പട്ടാമ്പി), ബഷ്രിയ്യ, ജാഷിറ, ഷഫീന.
Swale