തൃശൂർ : ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ വീട്ടുകാർ. അർച്ചനയെ ഭർത്താവ് ഷാരോൺ മർദ്ദിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു.
അർച്ചന പഠിച്ചിരുന്ന കോളേജിന്റെ മുൻവശത്ത് വച്ച് ഷാരോൺ മർദ്ദിച്ചിരുന്നു. സംഭവം കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ അർച്ചനയുടെ വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം നടന്നത്. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല എന്ന് എന്നും പിതാവ് ഹരിദാസ് ആരോപിച്ചു.
ഇന്നലെ ഉച്ചതിരിഞ്ഞ് നാലുമണിയോടെയാണ് മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യ 20 വയസുള്ള അർച്ചന തീകൊളുത്തി മരിച്ചത്. ഭർത്താവിന്റെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിൻ്റെ സഹോദരിയുടെ കുട്ടിയെ അംഗൻവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിൻ്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് കേസെടുത്തു.
സംഭവത്തിൽ അർച്ചനയുടെ ഭർത്താവ് ഷാരോണിനെ വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. ആറുമാസം മുമ്പ് വിവാഹിതയായ അർച്ചന ഭർത്താവിൻറെ വീട്ടിൽ നിരന്തരം ശാരീരികപീഡനം ഉൾപ്പെടെ നേരിട്ടിരുന്നതായി പരാതിയിൽ പറയുന്നു. ഷാരോണിന്റെയും അമ്മയുടെയും പേരിൽ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
