![]() |
കൂറ്റനാട് :ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ എം.പി.പി.എം യൂത്ത് അസോസിയേഷൻ ഒരുക്കിയ 40 അടി ഉയരമുള്ള ക്രിസ്മസ് ട്രീ ശ്രദ്ധേയമായി.
പള്ളിയിൽ നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഈ ഭീമൻ ക്രിസ്മസ് ട്രീ രാത്രിയിൽ മനോഹരമായ ദൃശ്യാവിഷ്കാരമാണ് സമ്മാനിക്കുന്നത്.
യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് സാബു സ്കറിയാച്ചൻ, സെക്രട്ടറി സ്റ്റിനോ വർഗീസ്, ജോ. സെക്രട്ടറി ബ്രയ്റ്റി പി. ബാബു, ട്രഷറർ എബിൻ സി. ശലമോൻ എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ജോലി കഴിഞ്ഞ് രാത്രികളിൽ നടത്തിയ കഠിനാധ്വാനത്തിലൂടെയാണ് രണ്ടാഴ്ചക്കുള്ളിൽ ട്രീയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
മുകളിൽ നിന്ന് താഴോട്ടേക്ക് സ്തൂപാകൃതിയിൽ ഒഇരുമ്പ് പൈപ്പ് ഫ്രെയിമിനുചുറ്റും 1400 ഓളം പച്ച ഗിൽട്ട് മാലകൾ, ഗോൾഡൻ പൂക്കൾ, അത്തിപ്പഴം, ചെറിപ്പഴം എന്നിവയും 1500 ഓളം എൽ.ഇ.ഡി ലൈറ്റുകളും അലങ്കരിച്ചിട്ടുണ്ട്. ഏറ്റവും മുകളിൽ സ്ഥാപിച്ച നിയോൺ നക്ഷത്രവും എൽ.ഇ.ഡി ലൈറ്റുകളും രാത്രിയിൽ അതിമനോഹരമായി പ്രകാശിക്കും. ട്രീക്ക് സമീപം ഗിഫ്റ്റ് ബോക്സുകളും , ചെറിയ സാന്താക്രോസുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ കാണുന്ന രീതിയിലുള്ള ക്രിസ്മസ് ട്രീക്ക് 60,000 രൂപയാണ് നിർമ്മാണത്തിനായി ചെലവായത്.
ക്രിസ്മസ് ട്രീയുടെ സ്വിച്ച് ഓൺ കർമ്മം വന്ദ്യ ജെക്കബ് ചാലിശേരി കോർ എപ്പിസ്കോപ്പ നിർവ്വഹിച്ചു.
നിരവധി വിശ്വാസികളാണ് ട്രീ കാണുവാനും , മുന്നിൽ നിന്ന് കുടുംബമായി ഫോട്ടോയും , സെൽഫി എന്നിവ എടുക്കുന്നതിനായി പള്ളിയിൽ എത്തുന്നത് ജനുവരി ആറ് വരെ ട്രീ പള്ളിയിൽ പ്രകാശിക്കും
ചടങ്ങിൽ വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ്, യൂത്ത് അസോസിയേഷൻ പ്രവർത്തകർ , വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു.
