തൃത്താല : തദ്ദേശ തെരഞ്ഞെടുപ്പിൽ തൃത്താല നിയോജകമണ്ഡലത്തിൽ എൽഡിഎഫിനു കുറഞ്ഞത് 867 വോട്ടു മാത്രമാണെന്ന് മന്ത്രി എം ബി രാജേഷ്. മണ്ഡലത്തിലെ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ വോട്ട് അനുസരിച്ചാണിതെന്നും ഈ കുറവിൽ ആഹ്ലാദിക്കുന്നവർക്ക് അതുചെയ്യാമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായ എം ബി രാജേഷിന്റെ മണ്ഡലമായ തൃത്താലയിൽ എട്ട് പഞ്ചായത്തിൽ അഞ്ചും യുഡിഎഫ് പിടിച്ചെടുത്തിരുന്നു.മണ്ഡലത്തിലെ എട്ടു പഞ്ചായത്തിൽ കഴിഞ്ഞതവണ നാല്-നാല് എന്നതായിരുന്നു അവസ്ഥ. ഇത്തവണ അഞ്ച്- മൂന്ന് എന്നായി.
അന്ന് കപ്പൂർ എൽഡിഎഫ് ജയിച്ചത് ടോസിലായിരുന്നു. അത് ഇത്തവണ യുഡിഎഫ് ജയിച്ചു. കഴിഞ്ഞതവണ യുഡിഎഫ് ജയിച്ച പരുതൂർ ഇത്തവണ എൽഡിഎഫ് തിരിച്ചുപിടിച്ചുവെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ആനക്കര, ചാലിശ്ശേരി, പട്ടിത്തറ എന്നി പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം നിലനിർത്തിയപ്പോൾ തൃത്താല പഞ്ചായത്തിൽ 25 വർഷത്തിനു ശേഷമാണ് യുഡിഎഫ് ഭരണത്തിലെത്തിയത്. കപ്പൂർ പഞ്ചായത്തിൽ 10 വർഷത്തിന് ശേഷമാണ് യുഡിഎഫ് ഭരണം പിടിച്ചത്. നാഗലശ്ശേരി, പരുതൂർ, തിരുമിറ്റക്കോട് എന്നീ പഞ്ചായത്തുകളിലാണ് സിപിഐഎം വിജയിച്ചത്.
