ചാലിശ്ശേരിയിൽ ജനുവരി രണ്ടിന് ആരംഭിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയുടെ ഭാഗമായി തൃത്താല മണ്ഡലത്തിൽ ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുത്തു. പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ ചിറ്റപ്പുറത്ത് നടന്ന വിളവെടുപ്പ് ഉത്സവം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി നിർവ്വഹിച്ചു. പി വി വിനീഷിൻ്റെ കൃഷിയിടത്തിലെ വ്ലാത്താങ്കര ചീരയാണ് വിളവെടുത്തത്.
സുസ്ഥിര തൃത്താല പദ്ധതിയിലുൾപ്പെടുത്തി 150 ഏക്കർ ഭൂമിയിലാണ് സരസ് മേളയ്ക്ക് ആവശ്യമായ പച്ചക്കറിയൊരുക്കിയത്. 100 ഏക്കർ സ്ഥലത്ത് തൃത്താല മണ്ഡലത്തിലെ വിവിധ കർഷകരും 50 ഏക്കർ സ്ഥലത്ത് കുടുംബശ്രീയുടെ മേൽനോട്ടത്തിലുമാണ് കൃഷിയൊരുക്കിയത്. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി ഓണം, റംസാൻ , വിഷു എന്നീ ആഘോഷങ്ങളോടനുബന്ധച്ച് നടത്തിയ കാർഷിക കാർണിവല്ലിൻ്റെ വിജയം ഉൾകൊണ്ടാണ് സരസ് മേളയ്ക്കും പച്ചക്കറി കൃഷിയൊരുക്കിയത്.
പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ശശിരേഖ അധ്യക്ഷയായി. വാർഡ് മെമ്പർ എം പി മനോജ്, നവകേരളം ജില്ലാ കോർഡിനേറ്റർ പി സെയ്തലവി,കൃഷി അസി. ഡയറക്ടർ മാരിയത്ത് കിബിത്തിയ, ബ്ലോക്ക് ബിഡിഒ കെ കെ ചന്ദ്രദാസ്,കൃഷി ഓഫീസർ എം എസ് ശ്രീലക്ഷ്മി,വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
