ദേശീയ സരസ് മേള : മിനി മാരത്തോണ്‍ ശ്രദ്ധേയമായി


ചാലിശ്ശേരിയില്‍ ജനുവരി രണ്ടിന് ആരംഭിക്കുന്ന പതിമൂന്നാമത് സരസ് മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി തൃത്താല കൂട്ടുപാത മുതല്‍ ചാലിശ്ശേരി വരെ മിനി മാരത്തോണ്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമി. 'റണ്‍ ഫോര്‍ യൂണിറ്റി, ഡൈവേഴ്‌സിറ്റി ആന്‍ഡ് ഫ്രറ്റേര്‍ണിറ്റി' എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിച്ച മാരത്തോണ്‍ പി. മമ്മിക്കുട്ടി എം എല്‍ എ ഫ്ലാഗ് ഓഫ് ചെയ്തു.  

മാരത്തോണില്‍ അജിത് കെ കൊല്ലങ്കോട് ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടാം സമ്മാനം പ്രണവ് എസ് മേലാര്‍കോട്, മൂന്നാം സമ്മാനം ഹരികൃഷ്ണന്‍ പി ചാലിശ്ശേരി എന്നിവരും നേടി. വനിതാ വിഭാഗത്തില്‍ ഊഷ്മ എന്‍ പി പെരിങ്ങോട് ഒന്നാം സ്ഥാനവും, ഡോ. രാധിക ശ്രീകുമാര്‍ പെരിങ്ങോട് രണ്ടാം സ്ഥാനവും, തിലകം പി ടി കോതച്ചിറ മൂന്നാം സ്ഥാനവും നേടി. മാരത്തോണില്‍ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വനിത എന്ന നേട്ടത്തിന് പെരിങ്ങോട് റണ്ണേഴ്‌സ് ക്ലബ് അംഗമായ 68 വയസ്സുള്ള കോമളവല്ലി അര്‍ഹയായി.

ഒന്നാം സമ്മാനമായി 10,000 രൂപയും, രണ്ടാം സമ്മാനം 5000 രൂപയും, മൂന്നാം സമ്മാനമായി 3000 രൂപയുമാണ് മാരത്തോണ്‍ വിജയികള്‍ക്ക് ലഭിക്കുക. സരസ് മേളയില്‍ വെച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍ വിജയികള്‍ക്ക് ക്യാഷ് പ്രൈസുകള്‍ നല്‍കും.

സന്തോഷ് ട്രോഫി താരം മുഹമ്മദ് നിയാസ്, പാരാ ഫുട്ബാള്‍ 2025 ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് ലെനിന്‍ എന്നിവര്‍ മാരത്തോണില്‍ പങ്കെടുത്തു, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി, എ ഇ ഒ കെ പ്രസാദ്, ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി ബി സുഭാഷ്, നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി സൈതലവി, മറ്റു സബ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വര്‍ക്കിങ് കണ്‍വീനര്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, മറ്റു കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

Below Post Ad