പതിമൂന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയുടെ സാംസ്കാരിക സദസിൽ നടന വിസ്മയം തീർത്ത് ചലച്ചിത്ര താരം നവ്യ നായർ. ഗണേശ മല്ലാരിയിൽ തുടങ്ങിയ ഭരതനാട്യം സോളോ കച്ചേരി കലാപ്രേമികളിൽ യഥാർത്ഥത്തിൽ ആനന്ദ നടനമായി.ആദി താളത്തിലും ഘമാസ് രാഗത്തിലുമായി അവതരിപ്പിച്ച മാഥേ മലയധ്വജ എന്ന വർണ്ണവും ആസ്വാദകർ നെഞ്ചിലേറ്റി.
തുടർന്ന് നടന്ന ഭരതനാട്യത്തിൻ്റെ ഭാവാഭിനയ അവതരണങ്ങളും അവിസ്മരണീയമായി. പ്രേക്ഷക മനസ് കീഴടക്കിയ നന്ദനം എന്ന ചലച്ചിത്രത്തിലെ കാർമുകിൽ വർണ്ണൻ്റെ ചുണ്ടിൽ എന്ന ഗാനത്തിന് നൃത്തവിഷ്കാരം നൽകി ആനന്ദാശ്രുവോടെ നവ്യ നടനം പര്യവസാനിച്ചു. മന്ത്രി എം ബി രാജേഷ് നവ്യയ്ക്ക് സ്നേഹാദരം നൽകി.
പ്രധാന വേദിയിൽ നടന്ന നവ്യനടന വിസ്മയത്തിന് ആയിരക്കണക്കിന് കലാസ്വാദകരാണ് എത്തിയത് . സദസിനകത്തും പുറത്തും നൃത്ത മാസ്വദിക്കാൻ നീണ്ട നിരയായിരുന്നു.
