പട്ടിത്തറ: മികച്ച പ്രവർത്തനങ്ങൾക്കുള്ള 2024-25 വർഷത്തെ സംസ്ഥാന അവാർഡ് പട്ടിത്തറ പഞ്ചായത്തിലെ മൂന്നാം വാർഡ് അങ്കണവാടി (നമ്പർ 50) വർക്കർ ഉഷാ മണി ടീച്ചറെ തേടിയെത്തി. 34 വർഷമായി ഈ രംഗത്ത് തുടരുന്ന ടീച്ചറുടെ അർപ്പണബോധത്തിനുള്ള വലിയ അംഗീകാരമാണിത്.
1992-ൽ പ്രശാന്തി കൃഷ്ണൻ നായർ വിട്ടുനൽകിയ താൽക്കാലിക കെട്ടിടത്തിലാണ് ഈ അങ്കണവാടി പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1997 മുതൽ കെ.വി. വാസു സൗജന്യമായി നൽകിയ സ്ഥലത്ത് ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നിർമ്മിച്ച കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.
നാടിന്റെയും കുരുന്നുകളുടെയും പ്രിയങ്കരിയായ ഉഷാ മണി ടീച്ചർ, ഔദ്യോഗിക ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയുമാണ് ഈ പുരസ്കാരത്തിന് അർഹയാക്കിയത്.
