പട്ടാമ്പി ബസ് സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ട്: ശാശ്വത പരിഹാരത്തിനായി സംയുക്ത സ്ഥലപരിശോധന നടത്തി

 



പട്ടാമ്പി: ബസ് സ്റ്റാൻഡ് പരിസരത്തെ കടകളിൽ നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ സംയുക്ത സ്ഥലപരിശോധന നടത്തി. നഗരസഭാ അധ്യക്ഷൻ ടി.പി. ഷാജിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10:45-നാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.

പരിശോധനയിൽ നഗരസഭ ആരോഗ്യ-എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ, കെ.ആർ.എഫ്.ബി (KRFB), വാട്ടർ അതോറിറ്റി പ്രതിനിധികൾ, വൈസ് ചെയർപേഴ്സൺ, ഡിവിഷൻ കൗൺസിലർ, വ്യാപാരി പ്രതിനിധികൾ,ബിൽഡിംഗ് ഓണേഴ്സ് എന്നിവർ പങ്കെടുത്തു.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പരിശോധനയ്ക്ക് ശേഷം താഴെ പറയുന്ന കർശന നിർദേശങ്ങൾ നൽകി:

മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിന് തടസ്സമായി നിൽക്കുന്ന ഡ്രെയിനേജിന്റെ ഭാഗങ്ങൾ തുറന്നുകൊടുത്ത് .കെട്ടിടങ്ങളുടെ മുകളിൽ നിന്നുള്ള മഴവെള്ളം ഡ്രെയിനേജിന് ഒരു മീറ്റർ അകലത്തിൽ മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന രീതിയിൽ മാത്രമേ പൈപ്പുകൾ സ്ഥാപിക്കാവൂ. വെള്ളം ഡ്രെയിനേജിലേക്ക് ഒഴുകിപ്പോകുന്നത് പുറത്തുനിന്ന് വ്യക്തമായി കാണുന്ന രീതിയിലായിരിക്കണം ഇത് രണ്ടും ക്രമീകരിക്കേണ്ടത്.

ഒരു കാരണവശാലും കെട്ടിടങ്ങളിൽ നിന്നുള്ള പൈപ്പുകൾ ഡ്രെയിനേജിന്റെ ഉള്ളിലേക്ക് നേരിട്ട് ഇറക്കി സ്ഥാപിക്കാൻ അനുവദിക്കില്ല.

പരിസരത്തെ മൂന്ന് ബിൽഡിങ്ങുകളിൽ നിന്നും മാലിന്യ വെള്ളം ഡ്രെയിനേജിലേക്ക് ഒഴുക്കിവിടുന്നത് പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്ക് അടിയന്തരമായി നോട്ടീസ് നൽകി ആവശ്യമായ നടപടി സ്വീകരിക്കും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കടകൾ പൂട്ടിക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികളുമായി നഗരസഭ മുന്നോട്ട് പോകും.

ബസ് സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ടിന് എത്രയും വേഗം ശാശ്വത പരിഹാരം കാണുമെന്നും, വ്യാപാരികളും പൊതുജനങ്ങളും നഗരസഭയുടെ ഈ ശുചിത്വ-വികസന പ്രവർത്തനങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്നും നഗരസഭാ അധ്യക്ഷൻ അഭ്യർത്ഥിച്ചു.

Tags

Below Post Ad