സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ടെലഗ്രാം വഴി പണം വാങ്ങി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചൊവ്വന്നൂർ സ്വദേശിയായ അനന്തുവിനെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്തത്. പ്രദേശവാസിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
പരാതിക്കാരിയായ യുവതിയുടെ മോർഫ് ചെയ്ത അശ്ലീലചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് സുഹൃത്താണ് ആദ്യം കണ്ടെത്തുന്നത്. തുടർന്ന് യുവതിയും സുഹൃത്തുക്കളും ചേർന്ന് സംശയം തോന്നിയ പ്രതിയുടെ മൊബൈൽ ഫോൺ വാങ്ങി പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിൽ യുവതിയുടേത് ഉൾപ്പെടെ നാൽപ്പതോളം സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ഫോണിൽ കണ്ടെത്തി. ഈ ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയും മറ്റും പണം വാങ്ങി പ്രതി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സംഭവമറിഞ്ഞ് പ്രകോപിതരായ നാട്ടുകാർ യുവാവിനെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുകയും ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. കൂടുതൽ സ്ത്രീകളുടെ ചിത്രങ്ങൾ പ്രതിയുടെ പക്കലുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത കുന്നംകുളം പോലീസ് പ്രതിക്കായി വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.
