പട്ടാമ്പി: ഓണ നാളുകളെ നാടിന്റെ വലിയ ആഘോഷമാക്കി മാറ്റാൻ വിപുലമായ പരിപാടികളുമായി പട്ടാമ്പി നഗരസഭയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി എക്സിബിഷൻ, ഫുഡ് ഫെസ്റ്റ്, സംഗീതനിശ, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ കോർത്തിണക്കിയാണ് ഇത്തവണ പട്ടാമ്പിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 21 മുതൽ 27 വരെ മേലെ പട്ടാമ്പി നക്ഷത്ര റീജൻസിക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ നഗരിയിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്.
പൊതുജനങ്ങൾക്ക് എല്ലാ പരിപാടികളും പൂർണ്ണമായും സൗജന്യമായി വീക്ഷിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാ-സാംസ്കാരിക സന്ധ്യകളും അരങ്ങേറും.
മേളയുടെ ഭാഗമായി കച്ചവട സ്റ്റാളുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വ്യാപാരികൾ നഗരസഭയുമായോ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണെന്ന് നഗരസഭാ അധ്യക്ഷൻ ടി.പി. ഷാജി അറിയിച്ചു.
നാടൊട്ടുക്കും ഒന്നിക്കുന്ന ഈ ഓണാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
