അരീക്കോട്: ഫുട്ബോൾ താരം അസീം അരീക്കോട് ( കസ്റ്റംസ് ഇൻസ്‌പെക്ടർ കോയമ്പത്തൂർ) കോയമ്പത്തൂരിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു.
ദേശീയ തലത്തിൽ അറിയപ്പെടുന്ന കാൽപ്പന്തുകളിക്കാരനാണ് അസീം കൊറളിയാടൻ. കട്ടാട്ടെ സൈനുട്ടിയുടെയും കൊറളിയാടൻ മുസാൻകുട്ടിയുടെയും മകൻ. പ്രശസ്ത ഫുട്ബോളറും കോച്ചുമായ അനീസ് കൊറളിയാടൻ്റെ ഇരട്ട സഹോദരനാണ് അസീം.
കേരളം മാത്രമല്ല, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളും കളിക്കളങ്ങളിൽ തങ്ങളുടെ കളിസംഘത്തിൻ്റെ ഭാഗമാക്കി അദ്ദേഹത്തെ കളത്തിലിറക്കിയത് അസീമിൻ്റെ കളിമിടുക്കിനുള്ള അംഗീകാരമാണ്. അണ്ടർ 21 കേരള ടീമിൻ്റെ ഭാഗമായിരുന്ന അസീം, മറ്റു മൂന്ന് സംസ്ഥാനങ്ങൾക്കു വേണ്ടിയും ജഴ്‌സിയണിഞ്ഞു.
ക്ലബ്ബ് ഫുട്ബോൾ മേഖലയിലും അസീമിൻ്റെ ഫുട്ബോൾ പ്രതിഭ കീർത്തിനേടി. 2005-06ൽ വാസ്‌കോ ഗോവയ്ക്കു വേണ്ടിയാണ് അസീം ആദ്യമായി ക്ലബ്ബ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. തുടർന്ന് 2006-07 സീസണിൻ സാൽഗോക്കർ ഗോവയുടെയും 2007-2009ൽ മുംബൈ എഫ്‌സിയുടെയും ഭാഗമായി. 2009-10 സീസണിൽ മഹീന്ദ്ര യുണൈറ്റഡിന്റെ ഭാഗമായി കളിക്കളത്തിലിറങ്ങിയ അസീം 2010-11 സീസണിൽ കളിക്കുപ്പായമണിഞ്ഞത്
ഈസ്റ്റ് ബംഗാളിന് വേണ്ടിയായിരുന്നു. 2013-ൽ തമിഴ്‌നാടിനും 2010-ൽ മഹാരാഷ്ട്രയ്ക്കും വേണ്ടി സന്തോഷ് ട്രോഫി മത്സരത്തിൽ കളിച്ചു. ദീർഘമാണ് അസീമിൻ്റെ കളിജീവിതം.9 സീസണുകളിൽ ഐ ലീഗിൽ കളിച്ച അസീം, ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. നിലവിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു
അസീമിൻ്റെ മയ്യിത്ത് പോസ്റ്റ് മോർട്ടം കഴിഞ്ഞു വിട്ടു കിട്ടിയ ശേഷം കസ്റ്റംസിലെ ദർശനത്തിന് ശേഷം അരീക്കോട്ടേക്ക് വൈകുന്നേരം 3 മണിയോടെ എത്തും. ശേഷം പുത്തലത്തെ വീട്ടിൽ പൊതു ദർശനത്തിന് ശേഷം മഗ്‌രിബിന് മുമ്പ് ഖബറടക്കും.
