പാലിയേറ്റീവ് പരിചരണ രംഗത്ത് വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനും കിടപ്പു രോഗികളുടെയും ദീർഘകാല പരിചരണം ആവശ്യമായവരുടെയും ജീവിത സാഹചര്യങ്ങൾ നേരിട്ടറിയുന്നതിനുമായി പ്രതീക്ഷ പാലിയേറ്റീവ് കെയർ SIP സംഘടിപ്പിക്കുന്ന സമഗ്ര ഗൃഹസന്ദർശന പരിപാടിയായ 'സ്പർശം 2026' നവംബർ 21 ന് ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തൃത്താല ബ്ലോക്ക് പരിധിയിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ മുതൽ കോളേജ്, പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ വരെയുള്ള 340 വിദ്യാർത്ഥി വളണ്ടിയർമാരും 200 സന്നദ്ധ സേവകരും ഉൾപ്പെടെ 540 പേരാണ് ഈ സാന്ത്വന യാത്രയിൽ പങ്കാളികളാകുന്നത്. 100 വാഹനങ്ങളിലായി 700 രോഗികളുടെ വീടുകളിലെത്തി രോഗികളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കുകയും അവരുടെ പരിചരണ ആവശ്യങ്ങളും ജീവിത പ്രശ്നങ്ങളും മനസ്സിലാക്കുകയും ചെയ്യും.
ശനിയാഴ്ച രാവിലെ 10 മണിക്ക് കൂറ്റനാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ വി.ടി ബൽറാം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ ആശംസകൾ നേരും.
കൂറ്റനാട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പുറപ്പെടുന്ന വാഹനങ്ങൾ പ്രതീക്ഷയുടെ വിവിധ പഞ്ചായത്ത് തല കമ്മിറ്റികൾ മുൻകൂട്ടി തീരുമാനിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ എത്തിച്ചേരും. അതത് പ്രദേശങ്ങളിലെ ഗൃഹസന്ദർശനങ്ങൾ പൂർത്തിയാക്കിയ ശേഷം നിശ്ചയിച്ച കേന്ദ്രങ്ങളിൽ സമാപനവും പ്രവർത്തനങ്ങളുടെ അവലോകനവും നടക്കും.
രോഗികളെ സന്ദർശിക്കുക എന്നതിലുപരി അവരുടെ പരിചരണ ആവശ്യങ്ങൾ, കുടുംബങ്ങളുടെ പ്രയാസങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ, പുനരധിവാസ സാധ്യതകൾ എന്നിവ നേരിട്ടറിയുന്നതിനും ആവശ്യമായ തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമാണ് സ്പർശം 2026 ലക്ഷ്യമിടുന്നത്.
വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും കാരുണ്യവും സേവന മനോഭാവവും വളർത്തുന്നതിനൊപ്പം പാലിയേറ്റീവ് പരിചരണം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നുണ്ട്.
രോഗികളുടെ വീടുകളിലേക്ക് സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സന്ദേശവുമായി എത്തുന്ന സ്പർശം 2026 തൃത്താലയുടെ സാമൂഹിക സേവന ചരിത്രത്തിലെ ശ്രദ്ധേയമായ കൂട്ടായ്മയായി മാറുമെന്ന് കൂറ്റനാട് പ്രതീക്ഷ ക്ലിനിക്ക് ഭാരവാഹികളായ
പി.വി സുഭദ്ര,
കെ.എം നാരായണൻ,
വളണ്ടിയർമാരായ
എം.നിത്യ (ഗവ.കോളേജ് തൃത്താല), സി.നിമ (ശ്രീപതി എഞ്ചിനീയറിങ് കോളേജ്), കെ.വി അയന (ജി.വി.എച്ച്.എസ്.എസ് വട്ടേനാട് ) എന്നിവർ പറഞ്ഞു.
