മന്ത്രവാദ ചികിത്സയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പട്ടാമ്പി സ്വദേശി അബു താഹിറിനെയാണ് ഒറ്റപ്പാലം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. 2017 ഏപ്രിൽ 8 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കോയമ്പത്തൂർ സ്വദേശിനിയായ 21 കാരി ബന്ധുക്കളോടൊപ്പം ആണ്ട് നേർച്ചക്കായി പട്ടാമ്പിയിലെ അബു താഹിറിന്റെ വീട്ടിലെത്തി. നേർച്ചക്ക് ശേഷവും കുറച്ച് ദിവസം യുവതിയും ബന്ധുക്കളും 37 കാരനായ പ്രതിയുടെ വീട്ടിൽ തങ്ങിയിരുന്നു. യുവതിക്ക് നിരന്തരമായി തലവേദനയും ശരീര വേദനയും ഉണ്ടാകാറുണ്ടെന്ന് ബന്ധുക്കൾ അബു താഹിറിനെ അറിയിച്ചു.
യുവതിയുടെ ശരീരത്തിൽ ചെകുത്താൻ ബാധിച്ചെന്നും മന്ത്രവാദം നടത്തി ഇതൊഴിപ്പിക്കാമെന്നും പ്രതി വാഗ്ദാനം നൽകി. തുടര്‍ന്നാണ് യുവതിയെ മറ്റൊരു മുറിയിൽ വെച്ച് അബു താഹിർ പീഡിപ്പിച്ചത്.സംഭവത്തിൽ ബന്ധുക്കളായ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. കേസിൽ പതിനാല് സാക്ഷികളെ വിസ്തരിച്ചു.