സന്ദർശക വീസയിൽ മകനെ കാണാനെത്തി; ആ കൂടിക്കാഴ്ച ഒരുമിച്ചുള്ള അന്ത്യയാത്രയായി

 



തൃത്താല ∙ സന്ദർശക വീസയിൽ ഒമാനിലെത്തി മകൻ ഫഹദ് യൂസഫിനും കുടുംബത്തിനുമൊപ്പം കുറച്ചു ദിവസം സന്തോഷത്തോടെ ചെലവഴിക്കാനായിരുന്നു റംലത്തിന്റെ ആഗ്രഹം. പക്ഷേ, ആ കൂടിക്കാഴ്ച ഒരുമിച്ചുള്ള അന്ത്യയാത്രയായി മാറിയത് നാടിനാകെ നൊമ്പരമായി. 

തൃത്താല തച്ചറത്തൊടിയിൽ സ്വദേശിയായ ഫഹദ് യൂസഫ് (37) 10 വർഷമായി വിദേശത്ത് ബിസിനസ് നടത്തുകയാണ്. പെരുന്നാൾ ആഘോഷിക്കാനായി നാട്ടിൽ നിന്ന് ഉമ്മയെത്തിയത് കുടുംബത്തിനു സന്തോഷ നിമിഷങ്ങളായിരുന്നു

അതിനിടെയാണ് അപ്രതീക്ഷിത പ്രളയം ഉമ്മയുടെയും മകന്റെയും ജീവൻ കവർന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ ഒമാനിൽ കബറടക്കിയതിനാൽ അവസാനമായി ഒരുനോക്കു കാണാൻ പോലും സാധിക്കാതിരുന്നത് നാട്ടുകാരുടെയും ബന്ധുക്കളുടെയും നൊമ്പരം വർദ്ദിപ്പിക്കുന്നു.

തൃത്താല തച്ചറായത്തൊടിയിൽ റംലത്തിന്റെ (58) മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. മകൻ ഫഹദ് യൂസഫ്, തൃത്താല കോട്ടപ്പാടം മാളിയേക്കൽ ഷംല ലുബിഷാദ് എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച തന്നെ കണ്ടെത്തിയിരുന്നു. 

ഷംലയുടെ മൃതദേഹം ഇന്നലെ പുലർച്ചെ നാട്ടിലെത്തിച്ചു. ഒമാൻ എയർ വിമാനത്തിൽ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. നാട്ടിലെത്തിച്ച് പട്ടിശ്ശേരി പള്ളിയിൽ കബറടക്കി.

റംലത്തിന്റെയും മകൻ ഫഹദ് യൂസഫിന്റെയും മൃതദേഹങ്ങൾ ഇന്ന് ഒമാനിൽ കബറടക്കും

Below Post Ad