തൃശൂർ മദർ ആശുപത്രിയിലെ നഴ്സ് കുഴഞ്ഞ് വീണ് മരിച്ചു

 


​കൊച്ചി: ഉപരിപഠന സ്വപ്നങ്ങളുമായി പരീക്ഷയ്ക്കെത്തിയ യുവ നഴ്സിന്റെ അപ്രതീക്ഷിത മരണം നഴ്സിംഗ് ലോകത്തെയും, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കുടുംബത്തെയും കണ്ണീരിലാഴ്ത്തി. 

തൃശൂർ മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും യുഎൻഎയുടെ സജീവ പ്രവർത്തകയുമായ ലേന ജോൺ (23) ആണ് മരണപ്പെട്ടത്. എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം..

പാലക്കാട് വടക്കുംഞ്ചേരി സ്വദേശിനിയായ ലേന, ബുധനാഴ്ചയാണ് IELTS പരീക്ഷയ്ക്കായി എറണാകുളത്ത് എത്തിയത്. പരീക്ഷാ തിരക്കുകൾക്കിടയിൽ പെട്ടെന്ന് കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും നില മെച്ചപ്പെട്ടില്ലെന്ന് മാത്രമല്ല, വൈകാതെ സ്ഥിതിഗതികൾ ഗുരുതരമാവുകയും ചെയ്‌തു..

ലേനയുടെ ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ, ആംബുലൻസിൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ലേന മരണത്തിന് കീഴടങ്ങുകയായിരുന്നു.

 ലേനയെ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അവിടെയുള്ള യുഎൻഎ അംഗങ്ങൾ ഔദ്യോഗികമായി അറിയിച്ചു. മരണവാർത്ത അറിഞ്ഞതോടെ സഹപ്രവർത്തകരും സുഹൃത്തുക്കളും വലിയ ആഘാതത്തിലാണ്..

പാലക്കാട് വടക്കുംഞ്ചേരി സ്വദേശികളായ മാതാപിതാക്കളുടെ ഏക മകളാണ് ലേന ജോൺ. ഏക മകളുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തി. 

നഴ്സ‌ിംഗ് പഠനം പൂർത്തിയാക്കി സേവനരംഗത്ത് സജീവമായ ലേന,വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്ന ആഗ്രഹത്തോടെയാണ്  IELTS പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്നത്. ആ സ്വപ്നങ്ങളെല്ലാം ബാക്കി വെച്ചാണ് ലേന യാത്രയായത്.


 

Below Post Ad