പാലത്തിങ്ങൽ അലി (61) പട്ടാമ്പിക്കാരുടെ പ്രിയപ്പെട്ട ആംബുലൻസ് അലിക്കയാണ്. 25 വർഷമായി പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും ആംബുലൻസ് ആവശ്യം വന്നാൽ ആദ്യം അന്വേഷിക്കുന്നത് അലിക്കയെയാണ്. 1976ൽ ടാക്സി ഡ്രൈവറായാണ് അലിയുടെ തുടക്കം. അന്നു മുതൽ അലിയുടെ സേവനം കണ്ടും കേട്ടുമറിഞ്ഞവരാണു പട്ടാമ്പിക്കാർ.
ഒരിക്കൽ പെരുമുടിയൂർ ആലിക്കപറമ്പിൽനിന്നു ഒരു വീട്ടമ്മയെ അലി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു. വീട്ടമ്മ ആശുപത്രിയിൽ മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ ആംബുലൻസുകാർ വലിയ തുക ആവശ്യപ്പെട്ടതോടെ അലി കാറിൽ തന്നെ മൃതദേഹം നാട്ടിലെത്തിച്ചു. അന്നു തുടങ്ങി ആംബുലൻസ് വാങ്ങണമെന്ന മോഹം. പിന്നീട് കാർ മാറ്റി ജീപ്പ് ആക്കി.
പലപ്പോഴും മൃതദേഹങ്ങൾ ജീപ്പിൽ വീടുകളിൽ എത്തിച്ചു. മൃതദേഹം കയറ്റുന്ന ജീപ്പ് മറ്റ് ആവശ്യങ്ങൾക്കു പലരും വിളിക്കാതായതോടെ ആംബുലൻസ് വാങ്ങാൻ തീരുമാനിച്ചു. 1996ലാണ് ആംബുലൻസ് വാങ്ങിയത്. പൊലീസ് സ്റ്റേഷനാണ് ആദ്യകാലങ്ങളിൽ അലിയുടെ സേവനം കൂടുതലും ഉപയോഗപ്പെടുത്തിയത്. അലി ആംബുലൻസുമായി എത്തുന്നത് പൊലീസിനും വീട്ടുകാർക്കും ഒരുപോലെ സഹായമായി.
റെയിൽവേ പാളത്തിൽ ട്രെയിൻ കയറി മരിച്ചു കാലും തലയും വേറിട്ട മൃതദേഹം വാരിക്കൂട്ടാൻ അലി പൊലീസിനെ സഹായിക്കും. പോസ്റ്റ്മോർട്ടത്തിനും അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനും സഹായമേകി. അപകട മരണങ്ങൾ നടന്നാൽ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാനും തിരികെ വീട്ടിലെത്തിച്ചു സംസ്കാരത്തിനും അലിയുടെ സേവനമുണ്ടാകും.
ഇപ്പോൾ ഫ്രീസർ സൗകര്യമുള്ള 3 ആംബുലൻസ് സ്വന്തമായുണ്ട്. സാമ്പത്തികശേഷിയുള്ളവർ വാടക നൽകണം. അല്ലാത്തവർക്ക് ഇളവുണ്ട്. തീരെ സാമ്പത്തിക ശേഷി കുറഞ്ഞവരാണെങ്കിൽ വാടക ഉപേക്ഷിക്കാനും മടിക്കാറില്ലെന്ന് അലി പറഞ്ഞു. ഭാര്യ ജമീലയും മക്കളായ മുഹമ്മദ് ഷാജിയും ഫാത്തിമ ജസ്നയും സമീറയും നിഷയുമെല്ലാം അലിയുടെ സേവന പ്രവർത്തനങ്ങളിൽ ഒപ്പമുണ്ട്.