സംസ്ഥാനസർക്കാർ ആവിഷ്കരിച്ച ‘സ്ട്രീറ്റ്’ വിനോദപദ്ധതിയിൽ തൃത്താല, പട്ടിത്തറ ഗ്രാമപ്പഞ്ചായത്തുകളെ ഉൾപ്പെടുത്തി. സംസ്ഥാനത്താകെ ഒൻപത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. സ്പീക്കർ എം.ബി. രാജേഷിന്റെ ആവശ്യത്തെത്തുടർന്നാണ് തൃത്താല മണ്ഡലത്തിലെ പഞ്ചായത്തുകളെ തിരഞ്ഞെടുത്തത്. പദ്ധതിയുടെ വിശദാംശങ്ങൾ പ്രാദേശികതലത്തിൽ ആലോചിക്കാനുള്ള ആദ്യയോഗം ഡിസംബറിൽ നടക്കും.
സ്ട്രീറ്റ് പദ്ധതിയിലൂടെ ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികൾക്കായി തൃത്താല, പട്ടിത്തറ പ്രദേശങ്ങളുടെ സവിശേഷതകൾ അവതരിപ്പിക്കാൻ കഴിയും. സഞ്ചാരികൾക്ക് മികച്ച അനുഭവവും തദ്ദേശീയർക്ക് വിനോദസഞ്ചാരത്തിൽ സജീവ പങ്കാളിത്തവും വരുമാനവും ലഭിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.
കണ്ടറിയാവുന്നതും അനുഭവവേദ്യതയുള്ളതുമായ തെരുവുകൾ സജ്ജീകരിക്കുന്നതാണ് സ്ട്രീറ്റ് പദ്ധതി. പച്ച തെരുവ്, സാംസ്കാരിക തെരുവ്, പാരമ്പര്യമേഖല, ഭക്ഷ്യോത്പന്ന തെരുവ്, ഗ്രാമീണജീവിത പരിചയം, അനുഭവവേദ്യ വിനോദസഞ്ചാരത്തെരുവ്, കാർഷിക വിനോദസഞ്ചാരത്തെരുവ്, ജല തെരുവ്, കലകളുടെ തെരുവ് തുടങ്ങിയ പേരുകളിലാവും തെരുവുകൾ നിലവിൽവരിക. കുറഞ്ഞത് മൂന്ന് തെരുവുകളെങ്കിലും ഓരോസ്ഥലത്തും നടപ്പാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാവും പദ്ധതി നടപ്പാക്കുക.
ഭാരതപ്പുഴ, പട്ടിക്കായൽ, നിരവധി കുളങ്ങളടക്കമുള്ള ജലസ്രോതസ്സുകൾ, പറയിപെറ്റ പന്തിരുകുലം ഐതിഹ്യം, സാഹിത്യരംഗത്തെ അതികായരുടെ ജന്മഗൃഹങ്ങൾ, നാടൻകലകൾ, പരമ്പരാഗത കലകൾ, ഭക്ഷണവൈവിധ്യം, ആയുർവേദം, ശില്പഭംഗിയുള്ള പഴയ കെട്ടിടങ്ങൾ, പ്രശസ്തമായ ആരാധനാലയങ്ങൾ, ഉത്സവങ്ങൾ തുടങ്ങി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന നിരവധി ഘടകങ്ങൾ തൃത്താലയിലുണ്ട്.
പരമ്പരാഗത രീതിയിലുള്ള വീടുകൾ കണ്ടെത്തി സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കി അക്കോമഡേഷൻ യൂണിറ്റുകളാക്കും. റെസ്പോൺസിബിൾ ടൂറിസം മിഷൻ ഡയറക്ടർ കെ. രൂപേഷ്‌കുമാറാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.