ആനക്കര കൃഷിഭവനും ഗ്രാമപഞ്ചായത്തും പ്രദേശത്തെ പള്ളിപറമ്പുകളിലെ തരിശ് ഭൂമികളിൽ കേരള കൃഷി വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി തുടക്കംകുറിച്ച ജൈവ പച്ചക്കറികൃഷി മാതൃകയാക്കി സംസ്ഥാന കൃഷി വകുപ്പ് ദേവഹരിതം എന്ന പേരിൽ കേരളമാകെ പദ്ധതി നടപ്പിലാക്കുന്നു.
കുമ്പിടി ജുമാമസ്ജിദ്, തോട്ടഴിയം നിസ്ക്കാര പള്ളി, മേലഴിയം നിസ്ക്കാര പള്ളി തുടങ്ങിയ പള്ളികളിലാണ് അഗ്രിക്കൾച്ചർ അസിസ്റ്റൻ്റ് ഗിരീഷ്, സെന്തിൽകുമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ ആദ്യഘട്ടത്തിൽ കൃഷികൾക്ക് തുടക്കമിട്ടത്.മൂന്ന് പള്ളികളിലും ഉല്പാദിപ്പിക്കപ്പെടുന്ന ജൈവ പച്ചക്കറികൾ ദർസിലെ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണാവശ്യങ്ങൾക്ക് എടുക്കുന്നതോടൊപ്പം എല്ലാ വെള്ളിയാഴ്ചകളിലും കുമ്പിടി ജുമാ മസ്ജിദിലെത്തുന്നവർക്ക് ലഭ്യതയനുസരിച്ച് വില്പന നടത്താനുമാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം.
പള്ളികളിലെ തരിശ് ഭൂമികളിൽ നടത്തുന്ന പച്ചക്കറികൃഷികളുടെ ഉദ്ഘാടനം മഹല്ല് ഖത്തീബ് മുഹാജിർ അഹ്സ്നിയുടെ സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൂബിയ റഹ്മാൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ. മുഹമ്മദ് നിർവ്വഹിച്ചിരുന്നു