തൃത്താല ഹൈസ്കൂളിലെ പൂർവവിദ്യാർഥികൾ 46 വർഷങ്ങൾക്കുശേഷം വിദ്യാലയമുറ്റത്ത് ഒത്തുചേർന്നു. 1974-75 പത്താം ക്ലാസ് ബാച്ചിന്റെ നേതൃത്വത്തിലാണ് വിദ്യാലയമുറ്റത്ത് പൂർവവിദ്യാർഥിസംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചത്.
പത്താം തരവും കഴിഞ്ഞ് വിദ്യാലയത്തിന്റെ പടിയിറങ്ങിയശേഷം ആദ്യമായാണ് പലരും കണ്ടുമുട്ടിയത്. തങ്ങളുടെ വിദ്യാർഥികൾക്കുമുന്നിൽ അന്നത്തെ അധ്യാപകരും പ്രായത്തിന്റെ അവശതകൾ വകവെക്കാതെ ഒത്തുചേർന്നു.
വിടപറഞ്ഞ അധ്യാപകരുടെയും കൂട്ടുകാരുടെയും ഓർമകൾ നൊമ്പരമായെങ്കിലും പഴയകാല കുസൃതികൾ ഓർത്തെടുത്തും പാട്ടുകൾ പാടിയും പഴയ ക്ലാസ്‌മുറികളിലെ ബെഞ്ചുകൾ തൊട്ടുതലോടിയും പൂർവവിദ്യാർഥിസംഗമം അവിസ്മരണീയമാക്കി.
ബാച്ചുകാലത്തെ പ്രധാനാധ്യാപകൻ പി.പി. ദാമോദരൻ സംഗമം ഉദ്ഘാടനംചെയ്തു. പി.എം. അസീസ് അധ്യക്ഷനായി. കെ.പി. സ്വർണകുമാരി, ഒ. ജയകൃഷ്ണൻ, ഒ.കെ. നീലകണ്ഠൻ, കെ.ആർ. മോഹൻദാസ്, കെ. മീനാക്ഷിക്കുട്ടി, ഇ.പി. പദ്‌മനാഭൻ, എം. ഗോപിനാഥ് തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ മുൻ അധ്യാപകരെ ആദരിച്ചു. തുടർന്ന്, പതിനേഴംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.