പഴയ പാലത്തിന് പകരം നിർമിക്കാനുദ്ദേശിക്കുന്ന പട്ടാമ്പിയിലെ നിർദ്ദിഷ്ട പാലത്തിനായി വീണ്ടും സർവേ നടത്തും. പാലം വന്നാൽ കമാനം റോഡിൽ ഗതാഗതക്കുരുക്ക് ഇനിയും കൂടുമെന്ന കണക്കുകൂട്ടലിലാണ് പുതിയ സർവേ. ഭാരതപ്പുഴക്കപ്പുറത്തെ ഞാങ്ങാട്ടിരി ഭാഗത്തുനിന്ന് തുടങ്ങി പാലം വന്നുചേരുന്ന പട്ടാമ്പി കമാനം റോഡ് ഭാഗത്തെ ഗതാഗതക്കുരുക്കിനെപ്പറ്റി പഠിക്കാനാണ് പുതിയ സർവേ നടത്തുന്നതെന്ന് കെ.ആർ.എഫ്.ബി. അധികൃതർ പറഞ്ഞു. നിലവിൽ കമാനം റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ ഭാഗത്ത് റോഡ് വീതി കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ സർവേയിലൂടെ കണ്ടെത്തും.
പട്ടാമ്പിയിലെ പഴയ പാലം ശോച്യാവസ്ഥയിലാണ്. 2018-ലും 2019-ലും പ്രളയസമയത്ത് പാലത്തിന് മുകളിലൂടെ നിളയൊഴുകിയിരുന്നു. ദിവസങ്ങളോളം പാലം അടച്ചിടേണ്ടിയും വന്നു. യാത്രക്കാർ ഇരുകരകളിലും യാത്രചെയ്യാനാവാതെ കുടുങ്ങി. അപ്പോഴൊക്കെ പുതിയ പാലത്തിനായുള്ള നടപടികൾ വേഗമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മൂന്നുവർഷമായിട്ടും യാഥാർഥ്യമായിട്ടില്ല.
വീതികുറഞ്ഞ പാലത്തിലൂടെ രണ്ട് വലിയ വണ്ടികൾ ഒരുമിച്ച് വന്നാൽ ഗതാഗതം കുരുങ്ങും. കാൽനടയാത്രക്കാർക്ക് നടപ്പാതയും പാലത്തിലില്ല. സുരക്ഷയ്ക്കായുള്ളത് വീതികുറഞ്ഞ ഇരുമ്പുകൊണ്ടുള്ള കൈവരിയാണ്.
അഞ്ചു പതിറ്റാണ്ട് മുമ്പ് പട്ടാമ്പിയിലെ അന്നത്തെ തിരക്കനുസരിച്ച് കോസ്‌വേ (താണപാലം) വിഭാഗത്തിൽ പണിത പാലം നഗരം വികസിച്ചപ്പോൾ ഗതാഗതത്തിന് തടസ്സമാവുകയായിരുന്നു.
ജനുവരിയിൽ പാലം 20 ലക്ഷത്തോളം രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തിയതാണ് ആശ്വാസം. കൈവരികൾ ബലപ്പെടുത്തുകയും താഴെ കോൺക്രീറ്റ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കിഫ്ബിയുടെ അനുമതിയോടെയാണ് പാലത്തിന് പദ്ധതി തയ്യാറായിട്ടുള്ളത്. സർവേ നടപടികൾ പൂർത്തിയായാൽ സ്ഥലമേറ്റെടുപ്പ് ആരംഭിക്കും. ഭൂമിയേറ്റെടുക്കലിനായി 3.5 കോടി രൂപയും, കെട്ടിടം പൊളിക്കുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിന് 2.38 കോടിയും വകയിരുത്തിയിട്ടുണ്ട്.
പുതിയ പാലം
31.60 കോടി രൂപ ചെലവിൽ പട്ടാമ്പി പഴയ കടവിനെയും കമാനം റോഡിനെയും ബന്ധിപ്പിച്ചാണ് പാലം വരിക. 370.9 മീറ്റർ നീളത്തിൽ ഇരുഭാഗത്തും ഒന്നര മീറ്റർ വീതം നടപ്പാതയടക്കം 11 മീറ്റർ വീതിയിൽ പാലം നിർമിക്കാനാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. രണ്ട് സ്പാനുകൾക്ക് 45.5 മീറ്ററും നാലെണ്ണത്തിന് 45 മീറ്ററും എട്ടെണ്ണത്തിന് 12.5 മീറ്ററും ഉയരമുണ്ടാവും.
അനുബന്ധമായി പട്ടാമ്പി ഭാഗത്ത് 72 മീറ്റർ നീളത്തിലും ഞാങ്ങാട്ടിരി ഭാഗത്ത് 174 മീറ്റർ അനുബന്ധ റോഡും പാലത്തിനൊപ്പം നിർമിക്കും. പാലത്തിന് കൈവരിയുമുണ്ടാവും.