42ാം ജന്മദിനത്തിൽ അങ്കണവാടിയിലേക്ക് 42 പുസ്തകങ്ങൾ നൽകി



കവിയും അധ്യാപകനും പുസ്തകപ്രേമിയുമായ താജിഷ് ചേക്കോട് തൻെറ 42ാം ജന്മദിനത്തിൽ ചേക്കോട് അങ്കണവാടിയിലേക്ക് 42 പുസ്തകങ്ങൾ നൽകി . അങ്കണവാടിയിൽ ഒരു റീഡിങ്ങ് കോർണർ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ആവശ്യമെങ്കിൽ കൂടുതൽ പുസ്തകങ്ങൾ നൽകുവാൻ തയ്യാറാണെന്നും അറിയിച്ചു.

ഗോഖലെ ഗവഃ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനും കവിയുമാണ് താജിഷ് ചേക്കോട്. കുട്ടിക്കാലം മുതലുളള ആഗ്രഹമാണ് നാട്ടിലൊരു വായനശാല എന്നത്. പറക്കുളത്ത് പലരും വായനശാല ആരംഭിക്കുവാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഏതാനും വർഷങ്ങൾക്കുമുൻമ്പ് താജിഷ് ചേക്കോട്, ഷറഫുദ്ധീൻ കളത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ റീഡിങ്ങ് ക്ലബ് തുടങ്ങിയെങ്കിലുംഅതും പരാജയപ്പെട്ടു. 2022 ജനുവരി 8 താജിഷ് ചേക്കോടിൻെറ നാൽപ്പത്തിരണ്ടാമത് ജന്മദിനം. അതോടനുബന്ധിച്ച് അദ്ദേഹം പഠിച്ച ചേക്കോട് അങ്കണവാടിയിൽ ഒരു റിഡിങ് കോർണർ ആരംഭിക്കുവാനുളള നാൽപ്പത്തിരണ്ട് എഴുത്തുകാരുടെ നാൽപ്പത്തിരണ്ട് പുസ്തകങ്ങൾ സൗജന്യമായി നൽകി.

കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷറഫുദ്ധീൻ കളത്തിൽ അങ്കണവാടി അധ്യാപിക രാജലക്ഷ്മി, എ കെ അബ്ദുൾ റഷീദ് എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഇതു പോലെ എല്ലാവരും വീട്ടിൽ നടക്കുന്ന ആഘോഷങ്ങളുടെ ഓർമ്മയ്ക്കായി ഒരു പുസ്തകമെങ്കിലും നൽകിയാൽ അങ്കണവാടിയിൽ നല്ലൊരു 'വായന മുറി ' ഉണ്ടാക്കിയെടുക്കാമെന്ന് കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷറഫുദ്ധീൻ കളത്തിൽ പറഞ്ഞു. അങ്കണവാടിയിൽ എത്തുന്ന അമ്മമാർക്കും കൗമാരക്കാരായ കുട്ടികൾക്കും റീഡിങ്ങ് കോർണർ ഉപകാരപ്പെടുമെന്ന് അങ്കണവാടി കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.താജിഷ് ചേക്കോടിൻെറ മഷിനോട്ടങ്ങൾ എന്ന കവിതസമാഹാരം അക്ഷരജാലകം ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Tags

Below Post Ad